പെന്‍ ബൂത്ത് ഇനി വിദ്യാലയങ്ങളിലും ആദ്യഘട്ടത്തില്‍ 70 സ്ഥാപനങ്ങളില്‍

വയനാട് : ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കുന്നതിന്റെ ഭാഗമായി ഹരിത കേരള മിഷന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന പെന്‍ ബൂത്ത് പദ്ധതി ഇനി വിദ്യാലയങ്ങളിലും. ആദ്യഘട്ടത്തില്‍ ജില്ലയിലെ 60 സ്‌കൂളുകളിലും 10 കോളേജുകളിലുമടക്കം 70 സ്ഥാപനങ്ങളിലാണ് പെന്‍ബൂത്തുകള്‍ സ്ഥാപിക്കുക. ഉപയോഗശൂന്യമായ പ്ലാസ്റ്റിക് പേനകള്‍ പുനചംക്രമണത്തിന് കൈമാറുകയും ശാസ്ത്രീയ മാലിന്യ സംസ്‌കരണ രീതികളും തരംതിരിക്കലും കുട്ടികളില്‍ വളര്‍ത്തിയെടുക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോ ടെയാണ് പദ്ധതി നടപ്പാക്കുന്നത്.

സ്‌ക്രാപ് മെര്‍ച്ചന്റ്‌സ് പ്രാദേശിക ഘടകത്തിന്റെ സഹായത്തോടെ നല്‍കുന്ന ബോക്‌സില്‍ അതാത് സ്‌കൂളുകളുടെ നേതൃത്വത്തില്‍ ഉപയോഗശൂന്യമായ പേന ശേഖരിക്കുകയും ബോക്‌സ് നിറയുന്ന മുറയ്ക്ക് പുനചംക്രമണത്തിന് കൈമാറുകയും ചെയ്യും. പ്ലാസ്റ്റിക്ക് പേനയുടെ ഉപയോഗം കുറച്ചു മഷിപ്പേനയിലേക്ക് മാറുകയെന്നതും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്. പൊതു വിദ്യാഭ്യാസ വകുപ്പ്, ശുചിത്വ മിഷന്‍, കേരള സ്‌ക്രാപ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. അരുത,് വലിച്ചെറിയരുത്,കത്തിക്കരുത് എന്ന സന്ദേശവുമായി ശാസ്ത്രീയ മാലിന്യ സംസ്‌കരണ ക്യാമ്പയിനും ഇതോടൊപ്പം നടത്തുന്നുണ്ട്.

Leave A Reply