മുത്തങ്ങ വന്യജീവി സങ്കേതത്തിൽ വാഹനങ്ങൾ നിർത്തിയിടുന്നതിന് നിരോധനം

സുൽത്താൻബത്തേരി:  മുത്തങ്ങ വന്യജീവി സങ്കേതത്തിലൂടെ കടന്നുപോകുന്ന റോഡരികുകളിലും വനപ്രദേശങ്ങളിലും വാഹനങ്ങൾ നിർത്തിയിടുന്നതിന് വനംവകുപ്പ് നിരോധനം ഏർപ്പെടുത്തി . വന്യമൃഗങ്ങൾക്ക് തീറ്റകൊടുക്കുന്നതും നിരോധിച്ചു.

വനപ്രദേശത്ത് ഭക്ഷണാവശിഷ്ടങ്ങൾ, പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ തള്ളുന്നവർക്കെതിരെ കർശന നടപടിയെടുക്കും. നിയമം ലംഘിക്കുന്നവരിൽനിന്ന്‌ 2000 രൂപ പിഴയീടാക്കുമെന്ന് അധികൃതർ അറിയിച്ചു . പിഴനൽകാൻ വിസമ്മതിക്കുന്നവർക്കുനേരെ വന്യജീവി സംരക്ഷണ നിയമം 1972 പ്രകാരം കേസ് രജിസ്റ്റർ ചെയ്യും . ഇതേക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിനായി വനംവകുപ്പ് മേഖലയിൽ മുന്നറിയിപ്പുബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട് .

യാത്രക്കാർക്ക് നോട്ടീസുകളും വിതരണംചെയ്യുന്നുണ്ട്. ബന്ദിപ്പൂർ, മുതുമല വന്യജീവി സങ്കേതങ്ങളിൽ ഈ നിയമം നേരത്തേ നടപ്പാക്കിയിരുന്നു. വയനാട് വന്യജീവിസങ്കേതത്തിലെ മുത്തങ്ങ റെയ്ഞ്ചിൽ ഈ നിയമം നടപ്പാക്കിയതിനുശേഷം സങ്കേതത്തിനുകീഴിലുള്ള മറ്റ് റെയ്ഞ്ചുകളിലേക്കും വ്യാപിപ്പിക്കാൻ സാധ്യത ഉണ്ടെന്നാണ് വിവരം .

Leave A Reply