വള്ളുവാടിയിൽ വീണ്ടും കടുവയിറങ്ങി ; പ്രതിഷേധം ശക്തമാക്കി നാട്ടുകാർ

സുൽത്താൻബത്തേരി :  വടക്കനാട് വള്ളുവാടിയിലെ ജനവാസമേഖലയിൽ വീണ്ടും കടുവയിറങ്ങിയതിനെ തുടർന്നുണ്ടായ നാട്ടുകാരുടെ പ്രതിഷേധത്തിനിടെ ഫോറസ്റ്റ് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ റെയ്ഞ്ചർ ബൈജുനാഥിന് മർദനമേറ്റു. സംഭവത്തിൽ പ്രദേശവാസിയായ കുപ്പക്കാട്ട് കെ.ജി. റെജി(49)യെ ബത്തേരി പോലീസ് അറസ്റ്റ് ചെയ്തു.

തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് കടുവയെ കണ്ടത് . വള്ളുവാടിയിലെ സ്വകാര്യ റിസോർട്ടിന് സമീപത്തെ ആവത്തുംകുടി സുനിയുടെ പുരയിടത്തിലെ പറമ്പിലെ തെങ്ങിന്റെ ചുവട്ടിൽ കിടക്കുകയായിരുന്നു കടുവ. വിവരമറിഞ്ഞ് നാട്ടുകാർ പ്രദേശത്ത് തടിച്ചുകൂടി. ഉടൻ തന്നെ വനംവകുപ്പിന്റെ വിവരമറിയിച്ചിട്ടും ജീവനക്കാർ സ്ഥലത്ത് എത്താത്തത് പ്രതിഷേധത്തിന് കാരണമായി .

തുടർന്ന് രാത്രി എട്ടുമണിയോടെ വടക്കനാടിന് തൊട്ടടുത്തുള്ള, ബത്തേരി റെയ്ഞ്ചിന്‌ കീഴിലുള്ള ഓടപ്പളം ഫോറസ്റ്റ് സ്റ്റേഷനിലെത്തി നാട്ടുകാർ പരാതിപ്പെട്ടതിനെത്തുടർന്നാണ് ജീവനക്കാർ സംഭവസ്ഥലത്തെത്തിയത്. ഇതിനു തൊട്ടുപിന്നാലെ ബത്തേരി പോലീസും റാപ്പിഡ് റെസ്‌പോൺസ് ടീമും കുറിച്യാട് റെയ്ഞ്ചിലെ ജീവനക്കാരും സ്ഥലത്തെത്തി.

പച്ചാടി കാട്ടുനായ്ക്ക കോളനിയിലെ ജഡയനെ കൊന്നുതിന്ന നരഭോജി കടുവയാണ് പ്രദേശത്തെത്തിയതെന്ന് നാട്ടുകാർ ആരോപിച്ചു . സമീപകാലത്ത് പ്രദേശത്തെ നിരവധി വളർത്തുമൃഗങ്ങൾ കടുവയുടെ ആക്രമണത്തിൽ ചത്തിരുന്നു . നാട്ടിൽ കടുവയിറങ്ങുന്നത് പതിവായിട്ടും ഇതുതടയുന്നതിനായി വനംവകുപ്പ് ശക്തമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. വള്ളുവാടിയിൽ കടുവയിറങ്ങി മണിക്കൂറുകൾ കഴിഞ്ഞിട്ടും ഉയർന്ന ഉദ്യോഗസ്ഥരാരും സ്ഥലത്തെത്താത്തതും നാട്ടുകാരെ ചൊടിപ്പിച്ചു.

രാത്രി 10.30-ഓടെ സ്ഥലത്തെത്തിയപ്പോഴാണ് കുറിച്യാട് ഡെപ്യൂട്ടി റെയ്ഞ്ചറിനുനേരേ നാട്ടുകാരുടെ പ്രതിഷേധമുണ്ടായത് . നാട്ടുകാരുമായി ചർച്ച നടത്തുന്നതിനിടെ ബൈജുനാഥിന് മർദ്ദനമേൽക്കുകയായിരുന്നു . പരുക്കേറ്റ ഇദ്ദേഹം ബത്തേരി താലൂക്ക് ഗവ. ആശുപത്രിയിൽ ചികിത്സതേടി.

Leave A Reply