സാന്ത്വനമായി ഭിന്നശേഷി പുനരധിവാസ പദ്ധതി

വയനാട്:   ശാരീരികമായും മാനസികമായും വെല്ലുവിളി നേരിടുന്നവര്‍ക്ക് സാന്ത്വനമാവുകയാണ് മീനങ്ങാടി പഞ്ചായത്തിന്റെ ഭിന്നശേഷി പുനരധിവാസ പദ്ധതി. ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ പഞ്ചായത്ത് ബസ്റ്റാന്റിനോട് ചേര്‍ന്ന് കച്ചവട സൗകര്യമൊരുക്കുകയാണ് പദ്ധതിയിലൂടെ പഞ്ചായത്ത്. 2016-17 പഞ്ചായത്ത് വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയാണ് പദ്ധതിയില്‍ സ്വയം തൊഴില്‍ ചെയ്യുന്നതിന് സന്നദ്ധരായവരെ കണ്ടെത്തി കടമുറി കൈമാറുകയാണ് ചെയ്തിരിക്കുന്നത്.

പഞ്ചായത്തില്‍ സ്ഥിരം താമസക്കാരായ 40 ശതമാനം ഭിന്നശേഷിയുള്ളവരില്‍ നിന്നാണ് ഇതിനായി അപേക്ഷ സ്വീകരിച്ചത്. തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ഒരു വര്‍ഷത്തെ കരാറില്‍ കടമുറി വിട്ട് നല്‍കി. ഒരു എസ്.സി/എസ്.ടി, നാല് ജനറല്‍ വിഭാഗം എന്നീ മാനദണ്ഡത്തിലാണ് മുറി അനുവദിച്ച് നല്‍കിയത്. പ്രതിമാസം 3000 രൂപയാണ് വാടകയായി പഞ്ചായത്തില്‍ അടയ്‌ക്കേണ്ടത്. ഒരു വര്‍ഷത്തിന് ശേഷം വീണ്ടും തൊഴില്‍ ചെയ്യാന്‍ സന്നദ്ധരായവര്‍ അപേക്ഷ പുതുക്കി നല്‍കണം.

നിലവില്‍ അഞ്ച് കടമുറികളാണ് പ്രവര്‍ത്തിക്കുന്നത്. ഒഴിവുള്ള കടമുറിയിലേക്ക് എസ്.ടി വിഭാഗക്കാരില്‍ നിന്ന് അപേക്ഷകള്‍ സ്വീകരിക്കുന്നുണ്ട്. പാതിരിപ്പാലം സ്വദേശിയായ സജോ ജോസ് പദ്ധതിയുടെ ആരംഭഘട്ടം മുതല്‍ തൊഴില്‍ ചെയ്യുന്നുണ്ട്. പേന, നോട്ട്ബുക്ക്, ഫോട്ടോസ്റ്റാറ്റ് എന്നിവ കടയില്‍ ലഭ്യമാണ്. സംസാര ശേഷിയില്ലാത്ത ഭാര്യയും രണ്ട് കുട്ടികളുമുള്ള സജോയ്ക്ക് ജീവിക്കാനുള്ള ഏക ആശ്രയമാണ് ഈ കടമുറി. ‘മുമ്പ് റേഡിയോ റിപ്പയറിംങ് ആയിരുന്നു ജോലി.

ചെണ്ടക്കുനിയിലെ വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ച് വന്നത്. റേഡിയോയുടെ ഉപയോഗം കുറഞ്ഞതിലൂടെ ജോലി ഇല്ലാതായി. ആയിടെയാണ് പദ്ധതിയെ കുറിച്ച് അറിയുന്നതും അപേക്ഷിക്കുന്നതും. ഇപ്പോള്‍ കുട്ടികളുടെ വിദ്യാഭ്യാസവും എന്റെയും ഭാര്യയുടെയും ചികിത്സയും ഇവിടെ നിന്ന് ലഭിക്കുന്ന വരുമാനത്തിലാണ് നടക്കുന്നത്’ എന്ന് സജോ പറഞ്ഞു.

മീനങ്ങാടി പഞ്ചായത്തിന്റെ ഭിന്നശേഷി പുനരധിവാസ പദ്ധതി മാനസികവും ശാരീരികവുമായി ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്കുള്ള കൈത്താങ്ങാണ്. പ്രതീക്ഷ നഷ്ടപ്പെട്ട ഒരു വിഭാഗം മനുഷ്യര്‍ക്ക് തങ്ങളുടെ സ്വപ്‌നങ്ങളും സന്തോഷവും തിരികെ നല്‍കാന്‍ പദ്ധതിയിലൂടെ പഞ്ചായത്തിന് സാധിക്കുന്നു.

Leave A Reply