കയർ മേഖലയുടെ ഉന്നതിക്ക് ആധുനികവത്കരണത്തിലൂന്നിയ വിപണന തന്ത്രം വേണം :മന്ത്രി മേഴ്സികുട്ടിയമ്മ

ആലപ്പുഴ: കയർ വ്യവസായത്തിന്റെ ഉന്നമനത്തിന് ഭൂവസ്ത്ര നിർമിതിയിലൂന്നിയ വിപണന തന്ത്രം ആവിഷ്‌കരിക്കണമെന്ന് മത്സ്യ -തുറമുഖ -കശുവണ്ടി വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. മികച്ച ഭൂവസ്ത്ര നിർമ്മാണത്തിനുതകുന്ന നവീകൃത റാട്ട് പോലുള്ള നിർമാണോപാധികൾ ക്രമീകരിക്കണം. കാലഘട്ടത്തിനനുസൃതമായി വ്യവസായത്തിൽ നടപ്പാക്കുന്ന അടിസ്ഥാനപരമായ മാറ്റങ്ങളിലൂടെ കയർ മേഖലയുടെ സമഗ്രമായ വികസനം സാധ്യമാകും. അതിനാണ് സംസ്ഥാന സർക്കാർ അക്ഷീണം യത്‌നിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ആലപ്പുഴ ഇ എം എസ് സ്റ്റേഡിയത്തിൽ കയർ കേരള 2019ന്റെ ഭാഗമായ ‘കയർ രണ്ടാം പുനഃ:സംഘടനയും നേട്ടങ്ങളും ഭാവി വഴികളും’  കയർ സഹകരണ സെമിനാർഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി മേഴ്സിക്കുട്ടിയമ്മ. പുതിയ കാലഘട്ടത്തിനനുസരിച്ച് കയർ വ്യവസായത്തെ പറിച്ചുനടാൻ തക്കവിധം ഈ രംഗത്തുള്ളവർ മനോനില പരുവപ്പെടുത്തണം.മാറ്റങ്ങൾ ഉൾക്കൊള്ളാനും സ്വാംശീകരിക്കാനും കഴിയണം. ഇക്കാര്യത്തിൽ കയർ മേഖലയിലെ സഹകാരികൾ വിട്ടു വീഴ്ചയില്ലാത്ത പ്രതിബദ്ധത കാട്ടേണ്ടതുണ്ട്. ആവശ്യം കുറഞ്ഞ പരമ്പരാഗത കയർ ഉത്പന്നങ്ങൾക്ക് പകരം ആധുനികവത്കരണത്തിലൂടെ ഡിമാന്റുള്ള ഭൂവസ്ത്രം പോലുള്ള ഉത്പന്നങ്ങൾ മികവോടെ വിപണയിലെത്തിക്കുകയാണ് വേണ്ടത്.

പ്രളയവും വേലിയേറ്റവും വെള്ളക്കെട്ടും ഭീഷണി ഉയർത്തുന്ന ജനവാസമേഖലകളിൽ കയർ ഭൂവസ്ത്രം ഉപയോഗിക്കുന്നത് പ്രകൃതി സൗഹൃദവും ലാഭകരവും കയർത്തൊഴിലാളികൾക്ക് തൊഴിലവസരം ഒരുക്കുന്നതുമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തിലെ വ്യവസായ മേഖലയ്ക്ക് വേണ്ട ചകിരി ലക്ഷദ്വീപിൽ നിന്ന് ലഭ്യമാക്കാൻ വേണ്ട പദ്ധതി അടുത്ത വർഷത്തോടെ പ്രാബല്യത്തിലാക്കണം. സബ്സിഡി കൊണ്ടുമാത്രം ഒരു വ്യവസായവും നിലനിൽക്കുകയില്ലെന്നും മന്ത്രി മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.ധന-കയർ വകുപ്പ് മന്ത്രി ഡോ.ടി എം തോമസ് ഐസക് അധ്യക്ഷത വഹിച്ചു.

Leave A Reply