വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പ് പരിഷ്‌കരണം; പ്രതിഷേധിച്ച് വിദ്യാര്‍ത്ഥി സംഘടനകള്‍

തേഞ്ഞിപ്പലം: കാലിക്കറ്റ് യൂണവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പ് രീതികള്‍ പരിഷ്‌കരിക്കുന്നതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥി സംഘടനകള്‍ യൂണവേഴ്‌സിറ്റി ഉപരോധിച്ചു. കെ.എസ്.യു, ഫ്രറ്റേര്‍ണിറ്റി, എം.എസ്.എഫ് തുടങ്ങിയവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. സ്വാശ്രയ കോളെജിലെ യു.യു.സിമാര്‍ക്ക് പ്രാതിനിധ്യ വോട്ട് നടപ്പാക്കിയ തീരുമാനത്തിനെതിരെയാണ് വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിഷേധം.

വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിഷേധങ്ങള്‍ മറികടന്ന് മൂന്നംഗ ഉപസമിതി സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ ഇന്നലെ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം അംഗീകരിച്ചു. സർവ്വകലാശാല യൂണിയൻ തെരഞ്ഞെടുപ്പ് പരിഷ്‌കരിക്കാൻ സിൻഡിക്കേറ്റ് യോഗം ചേരുന്ന എഡി ബ്ലോക്കിലേക്കാണ് വിദ്യാർത്ഥി സംഘടനകൾ മാർച്ച് നടത്തിയത്. ഗവൺമെന്റ് എയ്ഡഡ് കോളജുകൾക്ക് മാത്രം നേരിട്ടുള്ള വോട്ടും, സ്വാശ്രയ കോളജുകൾക്ക് പ്രാതിനിധ്യ വോട്ടും എന്ന പരിഷ്‌കാരത്തിനാണ് സിൻഡിക്കേറ്റ് ഒരുങ്ങുന്നത്. ഇത് എസ്എഫ്‌ഐയെ സംരക്ഷിക്കാനാണ് ഈ പരിഷ്‌കരണമെന്നാണ് എംഎസ്എഫ് കെഎസ്‌യു ഫ്രറ്റേണിറ്റി പ്രവർത്തകർ ആരോപിക്കുന്നത്.

പുതുക്കിയ തീരുമാനമനുസരിച്ച് റവന്യു ജില്ലാ തലത്തില്‍ പുതുതായി സോണല്‍ കൗണ്‍സിലുകളും യൂണിവേഴ്‌സിറ്റി തലത്തില്‍ എക്‌സിക്യൂട്ടിവ് കൗണ്‍സിലും രൂപീകരിക്കും. തെരഞ്ഞെടുക്കപ്പെടുന്ന സ്പീക്കര്‍ വഴി സോണല്‍ കൗണ്‍സിലുകള്‍ക്ക് സ്വതന്ത്ര പ്രവര്‍ത്തനം നടത്താം. യൂണിവേഴ്‌സിറ്റി എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗങ്ങളാവുന്നവര്‍ക്ക് മാത്രമാണ് യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പിലേക്ക് വോട്ട് ചെയ്യാന്‍ സാധിക്കുക.

Leave A Reply