കോടിയേരി ബാലകൃഷ്ണൻ അവധിയിൽ പോകുന്നു; പുതിയ സെക്രട്ടറി ആര് ?

തിരുവനന്തപുരം: ചികിത്സാ ആവശ്യങ്ങള്‍ ഉന്നയിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അവധിക്കായുള്ള അപേക്ഷ നല്‍കി. ഇതോടെ സി.പി.ഐ.എമ്മിന് പുതിയ സംസ്ഥാന സെക്രട്ടറിയെത്തും. ആറു മാസത്തേക്കാണ് കോടിയേരി അവധിയില്‍ പ്രവേശിക്കുന്നത്. കഴിഞ്ഞ ഒന്നരമാസമായി സജീവ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്നും കോടിയേരി വിട്ടു നിന്നിരുന്നു.

അവധി ആവശ്യപ്പെട്ടുകൊണ്ടുളള കോടിയേരിയുടെ അപേക്ഷയില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് വെള്ളിയാഴ്ച തീരുമാനമെടുക്കും. വിദഗ്ധ ചികിത്സക്കായി കോടിയേരി അടുത്തിടെ വിദേശത്തേക്ക് പോയിരുന്നു. ചികിത്സ നീട്ടേണ്ടതിനാലാണ് പുതിയ അവധിക്ക് അപേക്ഷ നല്‍കിയിരിക്കുന്നത്. കോടിയേരിയുടെ അഭാവത്തില്‍ എം.എ ബേബിയായിരിക്കും സംസ്ഥാന സെക്രട്ടറി ചുമതല ലഭിക്കാന്‍ സാധ്യത. ഇ.പി ജയരാജന്‍, എം.വി ഗോവിന്ദന്‍, എ.വിജയരാഘവന്‍ എന്നിവര്‍ക്കും സാധ്യതയുണ്ട്.

തോമസ് ഐസക്ക്, ഇ.പി.ജയരാജൻ എന്നിവരിൽ ഒരാളെയാണ് പാർട്ടി സ്ഥാനത്തേക്ക് പരിഗണിക്കുന്നതെങ്കിൽ മന്ത്രിസഭാ പുഃനസംഘടനയുമുണ്ടാകും. ഇക്കാര്യത്തിൽ പാർട്ടി ദേശീയ നേതൃത്വത്തിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും നിലപാടുകളും നിർണായകമാകും.

Leave A Reply