ഭാര്യയേ​യും ബന്ധുവായ സ്​ത്രീയേയും കൊന്ന് സൈനികൻ സ്വയം വെടിവെച്ച്​ മരിച്ചു

പട്​ന:  ഓടുന്ന കാറിൽ കുട്ടികളുടെ കൺമുന്നിൽ വച്ച് ഭാര്യയേ​യും ബന്ധുവായ സ്​ത്രീയേയും വെടിവെച്ച്​ കൊലപ്പെടുത്തിയതിന് ശേഷം ​ സൈനികൻ സ്വയം വെടിവെച്ച്​ മരിച്ചു. പട്​നക്ക്​ സമീപം സൈദാബാദിൽ വെച്ചാണ് സംഭവം നടന്നത് . വിഷ്​ണു കുമാർ ശർമ(33) എന്ന സൈനികനാണ് ​ ഭാര്യ ദമനി ശർമയേയും ബന്ധു ഡിംപിൾ ശർമയേയും വെടിവെച്ച് ​കൊന്ന​ ശേഷം സ്വയം ജീവനൊടുക്കിയത് .​

സംഭവ സമയം വിഷ്​ണു കുമാറിന്റെ രണ്ട്​ ആൺകുട്ടികളും ദമനി ശർമയുടെ പിതാവും കാറിലുണ്ടായിരു​ന്നു. കുട്ടികളും ദമനി ശർമയുടെ പിതാവും മുൻസീറ്റിലാണ് ഇരുന്നത്​. സംഭവത്തിന്​ ശേഷം ഇവർ പുറത്തിറങ്ങി നാട്ടുകാരുടെ സാധ്യം തേടി .

ഡെങ്കിപ്പനി ബാധിച്ചതിനെ തുടർന്ന്​ അവധിയെടുത്ത്​ നാട്ടിലെത്തിയതായിരുന്നു വിഷ്ണു കുമാർ . അസുഖത്തെ തുടർന്ന്​ ഇയാളുടെ പെരുമാറ്റം സാധാരണ നിലയിലല്ലായിരുന്നെന്നും പെ​ട്ടെന്ന്​ ദേഷ്യപ്പെടുമായിരുന്നുവെന്നും പൊലീസ്​ പറഞ്ഞു .

ചികിത്സക്കായി അവർ താമസിക്കുന്ന അര ഗ്രാമത്തിൽ നിന്ന്​ പട്​നയിലേക്ക്​ വരികയായിരുന്നു ഇവർ . കാറിൽ വെച്ച്​ വിഷ്​ണു കുമാർ ഭാര്യയുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടു . ഇതിനെ തുടർന്നാണ്​ വിഷ്ണുകുമാർ വെടിയുതിർത്തതെന്ന് പൊലീസ്​ പറഞ്ഞു ​. കൃത്യത്തിനുപയോഗിച്ച കൈത്തോക്കും സഞ്ചരിച്ച കാറും പൊലീസ്​ കസ്റ്റഡിയിലെടുത്തു .

Leave A Reply