ഭിന്നശേഷി ശാക്തീകരണം: ദേശീയ അവാര്‍ഡ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഏറ്റുവാങ്ങും

തിരുവനന്തപുരം: 2019ലെ ഭിന്നശേഷി ശാക്തീകരണ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും മികച്ച സംസ്ഥാനത്തിനുള്ള ദേശീയ പുരസ്‌കാരം ഡിസംബര്‍ 3ന് ലോക ഭിന്നശേഷി ദിനത്തില്‍ രാവിലെ 9.30 മണിക്ക് ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവില്‍ നിന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഏറ്റുവാങ്ങും.

കേരളത്തില്‍ നിന്നും വിവിധ കാറ്റഗറികളിലായി വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഇതിന് മുമ്പ് അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും മികച്ച സംസ്ഥാനത്തിനുള്ള അവാര്‍ഡ് ആദ്യമായാണ് ലഭിക്കുന്നത്. ഭിന്നശേഷിക്കാരുടെ ശാക്തീകരണത്തിന് സാമൂഹ്യനീതി വകുപ്പ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണീ അവാര്‍ഡ്. സമഗ്രവും ശാസ്ത്രീയവുമായ ജീവിതചക്ര സമീപനത്തിലൂടെ അംഗപരിമിതിയ്ക്ക് അതീതമായി ഭിന്നശേഷിക്കാരെ മുഖ്യധാരയിലേക്ക് എത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചതിനാണ് സംസ്ഥാനത്തിന് ദേശീയതലത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചിട്ടുള്ളത്.

തങ്ങളുടെ ശാരീരിക പരിമിതികള്‍ മറികടന്ന് മാതൃകാപരമായ പ്രവര്‍ത്തനം നടത്തിയ കേരളത്തിലെ 5 ഭിന്നശേഷിക്കാര്‍ കൂടി ദേശീയ പുരസ്‌ക്കാരം ഏറ്റുവാങ്ങും. കാഴ്ച പരിമിതിയില്‍ മികച്ച വനിത ജീവനക്കാര്‍ക്കുള്ള അവാര്‍ഡ് വിഭാഗത്തില്‍ ബേബി ഗിരിജ, പുരുഷ വിഭാഗത്തില്‍ ബാലന്‍ പൂത്തേരി എന്നിവരും മികച്ച സര്‍ഗാത്മക ഭിന്നശേഷി വനിത വിഭാഗത്തില്‍ എസ്. കണ്‍മണി, പുരുഷ വിഭാഗത്തില്‍ ആര്‍. രാകേഷ് കുമാര്‍, മള്‍ട്ടിപ്പിള്‍ ഡിസബിലിലിറ്റി വിഭാഗത്തില്‍ സി. പ്രശാന്ത് എന്നിവരുമാണ് അവാര്‍ഡ് ഏറ്റുവാങ്ങുന്നത്. ഇതുകൂടാതെ കേരളത്തിന് പുറത്ത് താമസിക്കുന്ന നിരവധി മലയാളികളും അവാര്‍ഡുകളേറ്റുവാങ്ങും.

ജന്മനാ 100 ശതമാനം അന്ധയായ ബേബി ഗിരിജ ചോദ്യ പേപ്പറുകള്‍, സിലബസ്, പുരാണങ്ങള്‍, ബാലാരാമായണം തുടങ്ങി 70 ലധികം മലയാള പുസ്തകങ്ങള്‍ ബ്രെയിലിലേയ്ക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. 100 ശതമാനം അന്ധനായ ബാലന്‍ പൂത്തേരി വ്യത്യസ്ത വിഷയങ്ങളിലായി 184 പുസ്തകങ്ങള്‍ എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 90 ശതമാനം ചലന പരിമിതിയുള്ള കണ്മണി അഷ്ടപദി, കഥകളി സംഗീതം, പിയാനോ, ചിത്ര രചന, ശാസ്ത്രീയ സംഗീതം എന്നിവയില്‍ മികച്ച പ്രകടനമാണ് കാഴ്ച വെച്ചിട്ടുള്ളത്.

ജന്മനാ ഓട്ടിസം ബാധിച്ച ആളും 100 ശതമാനം ബുദ്ധിവെല്ലുവിളിയും കാഴ്ചപരിമിതിയുമുള്ള രാകേഷ് കുമാര്‍ ഇംഗ്ലീഷ്, മലയാളം, തമിഴ്, ഗുജറാത്തി, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങി ഭാഷകളില്‍ 100 കണക്കിന് പാട്ടുകള്‍ ഓര്‍ത്തുവയ്ക്കാനും അതിന്റേതായ ശൈലിയില്‍ പാടാനും കഴിവുള്ള ആളാണ്. 100 ശതമാനം കാഴ്ച പരിമിതിയും സംസാര പരിമിതിയും 50 ശതമാനം കേള്‍വി പരിമിതിയുമുള്ള സി. പ്രശാന്ത് 32 ലോക റെക്കോഡുകള്‍ നേടിയിട്ടുണ്ട്.

Leave A Reply