ശബരിമല സന്നിധാനത്ത് അഞ്ചു ഭാഷകളില്‍ അനൗണ്‍സ് ചെയ്യാന്‍ ഓരേയൊരാൾ ശ്രീനിവാസ് സ്വാമി

ശബരിമലയിലെത്തുന്ന കോടിക്കണക്കിന് അയ്യപ്പഭക്തര്‍ക്ക് അറിയിപ്പുകള്‍ നല്‍കുകയാണ് കഴിഞ്ഞ 17 വര്‍ഷമായി (2000 മുതല്‍) ബാംഗ്ലൂര്‍ മേടഹള്ളി സ്വദേശി ശ്രീനിവാസ് സ്വാമി. ദേവസ്വംപബ്ലിസിറ്റി ആന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ വിവിധഭാഷ അനൗണ്‍സറായി സേവനമനുഷ്ഠിക്കുകയാണ് സ്വാമി. മാതൃഭാഷ കന്നഡയാണെങ്കിലും തമിഴ്, തെലുങ്ക്, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളില്‍ സ്വാമി അറിയിപ്പുകള്‍ നല്‍കുന്നു.

അയ്യപ്പഭക്തര്‍ അറിഞ്ഞിരിക്കേണ്ടതും അനുഷ്ഠിക്കേണ്ടതുമായ കാര്യങ്ങള്‍ വിവിധഭാഷകളില്‍ അനൗണ്‍സ് ചെയ്യുക, ഭക്തര്‍ നേരിട്ടും ടെലിഫോണിലും ചോദിക്കുന്ന സംശയങ്ങള്‍ക്ക് മറുപടി നല്‍കുക, പൂജകളുടേയും വഴിപാടുകളുടേയും വിവരങ്ങള്‍ മൈക്കിലൂടെ അറിയിക്കുക, കൂട്ടംപിരിഞ്ഞെത്തുന്നവരെ ഉച്ചഭാഷിണിയിലൂടെ അറിയിച്ചുവരുത്തി അവരെ കൂട്ടിയോജിപ്പിക്കുക, കളഞ്ഞുകിട്ടിയ സാധനങ്ങളെപ്പറ്റി മൈക്കിലൂടെ പറഞ്ഞ് ഉടമസ്ഥനെ വരുത്തി തിരികെ നല്‍കുക എന്നിവയാണ് ശ്രീനിവാസ് സ്വാമിയുടെ പ്രധാന ജോലി.

ഇതരസംസ്ഥാനങ്ങളില്‍ നിന്നും പ്രത്യേകിച്ച് തെക്കേ ഇന്ത്യയിലുള്ള സംസ്ഥാനങ്ങളില്‍ നിന്നും ദര്‍ശനത്തിനെത്തുന്ന അയ്യപ്പഭക്തര്‍ക്ക് ഒരു അത്താണിയാണ് ശ്രീനിവാസ് സ്വാമി. ബി.എസ്.എഫ്. ജവാനായി ജോലി ചെയ്തിരുന്ന സ്വാമി ഉദ്യോഗം ഉപേക്ഷിച്ച് നാട്ടിലെത്തി ഓട്ടോ ഡ്രൈവറായി ഉപജീവനം തുടങ്ങി. വിവിധസ്ഥാപനങ്ങളില്‍ സെക്യൂരിറ്റിയായും സേവനമനുഷ്ടിച്ചു.

ഇപ്പോള്‍ നാട്ടില്‍ മദ്യവിരുദ്ധപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാണ് സ്വാമി. ലഹരിവിരുദ്ധ സെമിനാറുകള്‍ സംഘടിപ്പിച്ചും, ഡി-അഡിക്ഷന്‍ സെന്ററുകള്‍ ആരംഭിച്ചും മദ്യപിക്കുന്നവരെ അതില്‍നിന്നും പിന്‍തിരിച്ച് പുനരധിവസിപ്പിച്ചും പ്രവര്‍ത്തിക്കുകയാണ് ശ്രീനിവാസ്. 2000 മുതല്‍ ശബരിമല പി.ആര്‍.ഒ. ഓഫീസില്‍ സേവനത്തിനെത്തിയത്. ശേഷിക്കുന്നകാലം ശബരിമല സേവനവും ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് ശ്രീനിവാസ് സ്വാമിയുടെ ആഗ്രഹം.

Leave A Reply