അഞ്ചാംപനി: മരണസംഖ്യ 53 ആയി; സമോവയിൽ അടിയന്തരാവസ്ഥ

അപിയ: പസഫിക് ചെറു ദ്വീപ് രാജ്യമായ സമോവയിൽ അഞ്ചാംപനി പടരുന്നു. മരണസംഖ്യ 53 ആയി . 15നും 23നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ചവരിൽ 50 പേരും എന്ന് സമോവൻ സർക്കാർ അറിയിച്ചു. അഞ്ചാംപനിയുമായി ബന്ധപ്പെട്ടു 3,700 കേസുകൾ ഇതുവരെ ദ്വീപിൽ റിപ്പോർട്ട് ചെയ്യപ്പെട്ടുവെന്നാണ് കണക്ക്. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം 198 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കേവലം രണ്ട് ആഴ്ചക്കിടെ മരണസംഖ്യ 10 മടങ്ങായാണ് വർധിച്ചത്.

പ്രതിരോധ വാക്സിനേഷൻ അടക്കം നടപടി സർക്കാർ ആരംഭിച്ചിട്ടുണ്ട്. പകർച്ചവ്യാധിയെ തുടർന്ന് നവംബർ 20ന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ആകെ ജനസംഖ്യയായ രണ്ട് ലക്ഷം പൗരൻമാർ മുഴുവൻ വാക്സിൻ സ്വീകരിക്കണമെന്ന് ഉത്തരവിറക്കുകയും ചെയ്തിട്ടുണ്ട്. മുമ്പ് 31 ശതമാനം ആളുകൾ മാത്രമാണ് വാക്സിൻ സ്വീകരിച്ചിരുന്നതെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ഇപ്പോൾ മൂവായിരത്തോളം സർക്കാർ ഉദ്യോഗസ്ഥർ പ്രതിരോധ വാക്സിൻ നൽകുന്നതിൽ വ്യാപൃതരാണ്.

ക്രിസ്മസ് അവധിക്ക് മുന്നോടിയായി തന്നെ സ്കൂളുകളെല്ലാം സർക്കാർ അടച്ചു. പൗരൻമാരുടെ യാത്രകൾ അടക്കം നിയന്ത്രിച്ചിട്ടുണ്ട്.

ഹവായിക്കും ന്യൂസിലാൻഡിനും ഇടയിലാണ് സമോവ സ്ഥിതി ചെയ്യുന്നത്.

Leave A Reply