ഇത് ‘ബസ് കാത്തിരിപ്പു കേന്ദ്രം’; അതോ ‘ബസ് കാത്തുനില്പ് കേന്ദ്രമോ?’, എന്തിനാണീ പ്രഹസനം

തിരുവനന്തപുരം: കേരളത്തിൽ നിർമ്മിക്കുന്ന പുതിയ ബസ് സ്റ്റോപ്പുകളിൽ മിക്കവയും നാലിഞ്ചു വലിപ്പമുള്ള രണ്ടു സ്റ്റീൽ പൈപ്പുകൾ രണ്ടറ്റവും വളച്ചു മണ്ണിൽ കോൺഗ്രീറ്റ് ചെയ്ത് ഉറപ്പിച്ചിരിക്കുന്നവയാണ്. ‘ബസ് കാത്തിരിപ്പു കേന്ദ്രം’ എന്നാണ് ഇവ അറിയപ്പെടുന്നതെങ്കിലും ഇവയിൽ 99 ശതമാനവും കാത്തിരിപ്പു കേന്ദ്രങ്ങളല്ല, ‘ബസ് കാത്തുനില്പു കേന്ദ്രങ്ങൾ’ മാത്രമാണ്.

കാരണം മറ്റൊന്നുമല്ല. ഇരിക്കാൻ വേണ്ടി ഒരു സ്റ്റീൽ പൈപ്പ് മാത്രം. ചാരിയിരിക്കാനെന്ന പേരിൽ പിൻഭാഗത്ത് അതേ വണ്ണമുള്ള മറ്റൊരു സ്റ്റീൽ പൈപ്പും. ഇരിക്കാൻ വേണ്ടിയുള്ള ആ ഒറ്റ പൈപ്പിൽ തെന്നിവീഴാതെ ആർക്കെങ്കിലും ഇരിക്കണമെങ്കിൽ, കുറച്ചൊക്കെ സർക്കസ് അറിയുന്നവർക്കോ, അല്ലെങ്കിൽ അത്യാവശ്യം ബാലൻസ് ചെയ്യാൻ കഴിയുന്നവർക്കോ മാത്രമേ കഴിയൂ. നടുവേദനയുള്ളവർക്ക് ഒരിക്കലും ധൈര്യമായി ആ ഒറ്റ പൈപ്പിൽ ഇരിക്കാൻ കഴിയില്ല.

ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ എന്ന പേരിൽ എന്തെങ്കിലും എങ്ങനെയെങ്കിലും ചെയ്താൽ പോര.
ചെയ്യുന്ന കാര്യങ്ങൾ നന്നായി, മറ്റുള്ളവർക്ക് ഉപകാരപ്പെടുന്ന വിധത്തിൽ അധികൃതർ ചെയ്യണം. അല്ലാതെ പൊതു ജനത്തെ ബോധ്യപ്പെടുത്താനുള്ള വെറും പ്രഹസനങ്ങൾ മാത്രം ആകരുത്. ആവശ്യമായ മാറ്റങ്ങൾ വരുത്തി പൊതുജനത്തിന് ഉപകാരമാകുന്ന വിധത്തിൽ പുതിയ ബസ് സ്റ്റോപ്പുകളിലെ ഇരിപ്പിടങ്ങൾ പുനക്രമീകരണം നടത്താൻ അധികൃതർ നടപടികൾ കൈക്കൊള്ളണം.

Leave A Reply