ബിറ്റ് കോയിന്‍ തട്ടിപ്പിലെ പ്രധാനിയെ കൊലപ്പെടുത്തിയ മൂന്ന് പേര്‍ കൂടി പിടിയില്‍

മലപ്പുറം:  485 കോടി രൂപയുടെ ബിറ്റ്കോയിൻ ഇടപാടുമായി ബന്ധപ്പെട്ട് മലപ്പുറം പുലാമന്തോൾ സ്വദേശി അബ്ദുൽ ഷുക്കൂർ (25) ഡെറാഡൂണിൽ കൊല്ലപ്പെട്ട കേസിൽ പ്രധാന പ്രതികളായ മലപ്പുറം സ്വദേശികളായ മൂന്ന് പേര്‍ പിടിയിൽ. തിരൂരങ്ങാടി വെളിമുക്ക് സ്വദേശി മുനീബ് (29), വെന്നിയൂർ സ്വദേശി ഷിഹാബ് (31), കൊണ്ടോട്ടി സ്വദേശി മുഹമ്മദ് അർഷാദ് (31) എന്നിവരാണ് ഡെറാഡൂണിൽ അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 10 ആയി.

സംഭവശേഷം കേരളത്തിലേക്കു മുങ്ങിയ ഇവർ കേസിൽ കീഴടങ്ങുന്നതിന് അഭിഭാഷകനെ കാണാനുള്ള യാത്രയ്ക്കിടെയാണു പിടിയിലായത്. ഇവരുടെ നീക്കം സംബന്ധിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയാണ് അറസ്റ്റിലേക്കു നയിച്ചതെന്നു പൊലീസ് സീനിയർ എസ്പി അരുൺ മോഹൻ ജോഷി പറഞ്ഞു. പിടിയിലായവരിൽ നിന്ന് ഷുക്കൂറിന്റെ ലാപ്ടോപ്, വസ്ത്രങ്ങളടങ്ങിയ ബാഗ്, മുദ്രക്കടലാസുകൾ, ആധാരങ്ങൾ എന്നിവ പിടിച്ചെടുത്തു.

ജൂൺ 12ന് നാട്ടിൽ നിന്ന് ഷുക്കൂറിനെ ഡെറാഡൂണിലെത്തിച്ചത് പ്രതികളാണെന്നു പൊലീസ് പറഞ്ഞു. ഓഗസ്റ്റ് 28ന് ആണ് ഷുക്കൂർ കൊല്ലപ്പെടുന്നത്. ബിറ്റ്കോയിൻ ഇടപാടിൽ ഷുക്കൂറിന്റെ കൂട്ടാളികളും മലപ്പുറം സ്വദേശികളുമായ ഫാരിസ് മംനൂൻ, സി. അരവിന്ദ്, പി.ആൻഷിബ്, അഫ്താബ് മുഹമ്മദ്, സുഫൈൽ മുക്താർ, ആഷിഖ്, മുഹമ്മദ് യാസീൻ എന്നിവർ നേരത്തേ പിടിയിലായിരുന്നു.

ബിറ്റ്കോയിൻ ഇടപാടിലെ നിക്ഷേപത്തിന് ഉയർന്ന മൂല്യവർധന വാഗ്ദാനം ചെയ്തു മലപ്പുറം, മഞ്ചേരി, പാണ്ടിക്കാട് എന്നിവിടങ്ങളിൽ നിന്ന് ഷുക്കൂറും സംഘവും കോടികൾ ശേഖരിച്ചിരുന്നുവെന്ന് ഡെറാഡൂൺ പൊലീസ് പറയുന്നു. പിന്നീട് നഷ്ടം വന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നു സംശയിക്കുന്നു.

തുടര്‍ച്ചയായി മൂന്ന് ദിവസം കെട്ടിയിട്ട് മര്‍ദ്ദിച്ചതു കൊണ്ടാണ് ഷുക്കൂര്‍ കൊല്ലപ്പെട്ടതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ‘jax.BTC’, ‘BTC..shukoor’ എന്നീ രണ്ട് ബിറ്റ്കോയിന്‍ എക്സ്ചേഞ്ചുകളുടെ നടത്തിപ്പുകാരനായിരുന്നു ഷുക്കൂര്‍. ഡെറാഡൂണിയെ ആശുപത്രിയുടെ എമര്‍ജന്‍സി വിഭാഗത്തില്‍ ഷുക്കൂറിന്റെ മൃതദേഹം ഉപേക്ഷിച്ച്‌ കൊലയാളികള്‍ സ്ഥലം വിടുകയായിരുന്നു. കാസര്‍കോട് കേന്ദ്രീകരിച്ചാണു ഷുക്കൂര്‍ പ്രവര്‍ത്തിച്ചിരുന്നത്.

Leave A Reply