വ്യാജ സ്വർണ്ണം പണയം വച്ച് അരകോടിയിലധികം തട്ടിയ അഞ്ച് പേര്‍ പിടിയില്‍

തിരുവനന്തപുരം : വ്യാജ സ്വര്‍ണ്ണം പണയം വെച്ച് പണം തട്ടിയ അഞ്ച് പേര്‍ പിടിയില്‍. തമിഴ്‌നാട് സ്വദേശികളായ പാണ്ടി സെല്‍വന്‍, പ്രേംകുമാര്‍, ഭരത് കുമാര്‍, തിരുവനന്തപുരം സ്വദേശികളായ ഷാജി ജേക്കബ്, രമേശ് കുമാര്‍ എന്നിവരാണ് പിടിയിലായത്. വ്യാജ സ്വര്‍ണം പണയപ്പെടുത്തി 50 ലക്ഷത്തോളം രൂപയാണ് വിവിധ ബാങ്കുകളില്‍ നിന്നും പ്രതികള്‍ തട്ടിയത്.

മലയന്‍കീഴ്, പേയാട് എന്നിവിടങ്ങളിലെ എസ്ബിഐ ബാങ്കില്‍ ഭരത് പണയം വെച്ച സ്വര്‍ണം വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ബാങ്ക് മാനേജര്‍മാര്‍ പോലീസില്‍ പരാതിയും നല്‍കിയിരുന്നു. ഇവരുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. സെല്‍വനാണ് ഭരതിന് പണയം വെയ്ക്കുന്നതിനായി വ്യാജ സ്വര്‍ണാഭരണങ്ങള്‍ നല്‍കിയത്. സംഭവത്തില്‍ ഭരത്തിന്റെയും സെല്‍വന്റെയും ഭാര്യമാര്‍ക്കും പങ്കുണ്ടെന്ന് പോലീസ് പറഞ്ഞു.

കേസിൽ ഉൾപ്പെട്ട  പ്രേംകുമാർ  സമാനമായ രീതിയിൽ പൂജപ്പുര കാനറാബാങ്ക്, എസ് ബി ഐ, യൂണിയൻ ബാങ്ക്, സെട്രൽ ബാങ്ക്, ഐ ഒ ബി, യൂക്കോ ബാങ്ക്, അലഹബാദ് ബാങ്ക്  എന്നിവിടങ്ങളിലും, കരമന, ഓവർ ബ്രിഡ്ജ് എന്നിവിടങ്ങളിലെ സിൻഡിക്കേറ്റ് ബാങ്ക്, കഴക്കൂട്ടം സിൻഡിക്കേറ്റ് ബാങ്ക്, ആലുവ ഫ്രഡറൽ ബാങ്ക്, എന്നിവിടങ്ങളിൽ ഉൾപ്പടെ  50 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പൊലീസ് വിശദമാക്കുന്നത്.

സെല്‍വന്റെ ഭാര്യ സമാനമായ കേസില്‍ തമിഴ്‌നാട്ടിലെ ജയിലില്‍ കഴിയുകയാണ്. അന്വേഷണത്തിനായി ഇവരെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും. സെല്‍വന്റെ ഡ്രൈവറാണ് പിടിയിലായ പ്രേംകുമാര്‍. രാമചന്ദ്രന്‍ എന്നയാളാണ് ഇവര്‍ക്ക് വ്യാജ സ്വര്‍ണം നിര്‍മ്മിച്ച് നല്‍കുന്നതെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പണയം വയ്ക്കുന്നതിന് ഒരു ലക്ഷം രൂപയ്ക്ക് അയ്യായിരം രൂപ വരെ ഇവർ കമ്മീഷൻ വാഗ്ദാനം ചെയ്തിരുന്നു.   

Leave A Reply