ആശ്വാസം: കേരളത്തിൽ എയ്ഡ്സ് രോഗികൾ കുറയുന്നു

തിരുവനന്തപുരം:  സംസ്ഥാനത്ത് പുതുതായി എയ്ഡ്സ് രോഗം ബാധിക്കുന്നവരുടെ എണ്ണം ഓരോ വർഷവും കുറയുന്നതായി റിപ്പോര്‍ട്ട്. സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ കണക്കെടുപ്പിലാണ് ആശ്വാസകരമായ കണ്ടെത്തൽ. 10 വർഷം മുൻപ്  2010 ൽ 2342 പേർക്കാണു പുതുതായി രോഗബാധയുണ്ടായതെങ്കിൽ ഈ  വർഷം ഒക്ടോബർ വരെ ഇത് 985 ആയി കുറഞ്ഞു. കഴി‍ഞ്ഞ വർഷം കണ്ടെത്തിയ രോഗികളും കുറവാണ് 1220.

10 വർഷം മുൻപ് 2.40 ലക്ഷം പേരാണ് എച്ച്ഐവി പരിശോധനയ്ക്കു വിധേയമായിരുന്നതെങ്കിൽ ഇപ്പോൾ ഇത് 5.56 ലക്ഷമായി വർധിക്കുകയും ചെയ്തു. ഏറ്റവും പുതിയ കണക്കനുസരിച്ച് രാജ്യത്ത് 21.40 ലക്ഷം പേർ എച്ച്ഐവി ബാധിതരാണ്. 40% സ്ത്രീകളാണ്. കേരളത്തിൽ 34,748 രോഗികളുണ്ട്. പുതിയ രോഗികളുടെ എണ്ണം കുറയുന്നെങ്കിലും ഒരു മാസം ശരാശരി 100 പേർക്കെങ്കിലും പുതുതായി രോഗം ബാധിക്കുന്നു. 2030 ൽ എയ്ഡ്സ് രോഗത്തെ ലോകത്തു നിന്നു തുടച്ചു നീക്കുക എന്ന ലക്ഷ്യവുമായാണു ലോകാരോഗ്യ സംഘടന മുന്നോട്ടു പോകുന്നത്.

സമൂഹം ഒറ്റപ്പെടുത്തുമെന്ന ഭയം കൊണ്ടാണ് പലരും ചികിത്സ തേടാനും ഡോക്ടറെ കാണാനും മടിക്കുന്നത്. രോഗം ഗുരുതരമാകുമ്പോൾ മാത്രമാണ് പലരും ആശുപത്രികളിലെത്തുന്നത്. പരിശോധന നടത്തി രോഗമില്ലെന്ന് സ്ഥിരീകരിക്കാൻ പലരും മടിക്കും.

ഓർക്കുക, രോഗം വരാതെ സൂക്ഷിക്കുക എന്നുള്ളതാണ് പ്രധാനം. അതേസമയം, കൃത്യസമയത്തെ രോഗനിർണയവും ചിട്ടയായ ചികിത്സയും മാത്രമാണ് രോഗം കണ്ടുപിടിച്ചു കഴിഞ്ഞാൽ, എയ്ഡ്‌സിനെ പ്രതിരോധിക്കാനുള്ള മാർഗം.

Leave A Reply