ഇന്ത്യയിൽ ഏറ്റവും കൂടുതൽ അഴിമതി രാജസ്ഥാനിൽ; കേരളത്തിൽ കൈക്കൂലി 10% മാത്രം

ന്യൂഡൽഹി: അഴിമതി സംബന്ധിച്ച ഏറ്റവും പുതിയ റിപ്പോർട്ട് പുറത്തുവന്നു. ഇന്ത്യയിൽ 2019ലും രണ്ടിലൊരാൾക്ക് കൈക്കൂലി നൽകേണ്ടി വരുന്നെന്ന് സർവേ. കഴിഞ്ഞ വർഷത്തേതിനു അപേക്ഷിച്ച് രാജ്യത്ത് കൈക്കൂലി നിരക്ക് കുറഞ്ഞിട്ടുണ്ടെന്നും കണക്കുകൾ പറയുന്നു. ട്രാൻസ്പരൻസി ഇന്‍റർനാഷണൽ ഇന്ത്യയും ലോക്കൽ സർക്കിളും ചേർന്ന് നടത്തിയ സർവേയിലാണ് രാജ്യത്തെ കൈക്കൂലിയുടെ വിവരങ്ങൾ പുറത്തുവന്നത്. 2019ൽ രാജ്യത്ത് ഏറ്റവുമധികം അഴിമതി നടന്ന സംസ്ഥാനം രാജസ്ഥാനാണ്.

സർവേയിൽ പങ്കെടുത്ത രാജസ്ഥാനിലെ 78 ശതമാനം ആളുകൾ ജോലി പൂർത്തിയാക്കാൻ കൈക്കൂലി നൽകിയതായി സമ്മതിച്ചു. ഇതിൽ 22 ശതമാനം പേർ പലതവണ കൈക്കൂലി നൽകിയിട്ടുള്ളവരാണ്. 56 ശതമാനം ഉദ്യോഗസ്ഥർ ഒന്നോ രണ്ടോ തവണ (നേരിട്ടോ അല്ലാതെയോ) കൈക്കൂലി നൽകി. എന്നാൽ 22 ശതമാനം പേർ കൈക്കൂലി നൽകിയിട്ടില്ലെന്നും അതിന്‍റെ ആവശ്യമില്ലെന്നുമാണ് അഭിപ്രായപ്പെട്ടത്.

തങ്ങളുടെ ആവശ്യം നിറവേറ്റാൻ ഏറ്റവും കുറവ് കൈക്കൂലി കൊടുക്കേണ്ടി വരുന്നത് കേരളത്തിലാണ്. പത്തിൽ ഒരാൾ എന്ന തോതിൽ മാത്രമാണ് ഇവിടെ കൈക്കൂലി നിരക്ക്. അതേസമയം രാജസ്ഥാനിൽ പത്തിൽ ഏഴ്പേർക്കാണ് കൈക്കൂലി നൽകേണ്ടി വരുന്നത്. കേരളത്തിനു പുറമെ ഡൽഹി, ഹരിയാന, ഗുജറാത്ത്, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ കൈക്കൂലി താരതമ്യേന കുറവാണ്. രാജസ്ഥാൻ, ബിഹാർ, യുപി, തെലങ്കാന, കർണാടക, തമിഴ്നാട്, ജാർഖണ്ഡ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളാണ് കൈക്കൂലിയുടെ കണക്കിൽ മുന്നിലുള്ളത്.

കര്‍ണ്ണാടക-63 ശതമാനം, തമിഴ്നാട് -62 ശതമാനം, ആന്ധ്രപ്രദേശ് -50, കേരളം -10 ശതമാനം എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളുടെ കണക്ക്. അതേ സമയം ദക്ഷിണേന്ത്യയില്‍ വന്നാല്‍ തെലങ്കാനയാണ് ദക്ഷിണേന്ത്യയിലെ ഏറ്റവും കൈക്കൂലിയും അഴിമതിയും നിറഞ്ഞ സംസ്ഥാനം എന്നാണ് ടിഐ റിപ്പോര്‍ട്ട് പറയുന്നത്. ഇവിടെ 67 ശതമാനവും കൈമടക്ക് ഇല്ലാതെ കാര്യങ്ങള്‍ നടക്കില്ലെന്ന് പറയുന്നു. ഏറ്റവും കൂടുതല്‍ കൈക്കൂലി വാങ്ങുന്നവര്‍ റവന്യൂവകുപ്പാണ് എന്നാണ് പറയുന്നത്. 40 ശതമാനവും ഇത് സമ്മതിക്കുന്നു. പൊലീസ് താരതമ്യേന കൈക്കൂലി വാങ്ങുന്നവര്‍ കുറവാണ് എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. പൊലീസുകാര്‍ക്കിടയില്‍ കൈക്കൂലി നല്‍കേണ്ടി വന്നത് 7 ശതമാനത്തിന് മാത്രമാണ്.

ഏറ്റവും കൂടുതൽ കൈക്കൂലി നടക്കുന്നത് ഭൂമി രജിസ്ട്രേഷനും സ്വത്ത് തട്ടിപ്പും സംബന്ധിച്ചാണ്. തൊട്ടു പിന്നിൽ പോലീസ് ഡിപ്പാർട്മെന്‍റാണെന്നും സർവേ പറയുന്നു. 26 ശതമാനമാണ് ഭൂമി രജിസ്ട്രേഷൻ വകുപ്പിൽ നടക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഗതാഗത ഓഫീസുകളിലും 13 ശതമാനമാണ് അഴിമതി. ഇവയ്ക്ക് പിന്നിൽ നികുതി വകുപ്പും, വാട്ടർ ഡിപ്പാർട്മെന്‍റുമാണ്.

Leave A Reply