വിമാനത്തിന്‍റെ ജനല്‍ തുറക്കുന്നതിനെച്ചൊല്ലി യുവാക്കള്‍ തമ്മില്‍ ‘അടിപിടി’; വൈറലായി വീഡിയോ

വിമാനത്തിനുള്ളിൽ വിൻഡോ ഷെയ്ഡിനായി അടികൂടുന്ന രണ്ടു യാത്രക്കാർ. ഇവരുടെ വിഡിയോയാണ് സമൂഹമാധ്യമത്തിൽ ഇപ്പോൾ തരംഗമാകുന്നത്. വിമാനമോ സ്ഥലമോ ഒന്നും വ്യക്തമല്ലെങ്കിലും സംഗതി വൈറലാണ്. ‘പാസഞ്ചർ ഷെയ്മിങ്’ എന്ന ഇൻസ്റ്റഗ്രാം പേജാണ് വിഡിയോ പുറത്തുവിട്ടത്. ഒരു ദിവസം കൊണ്ടു നാലു ലക്ഷം കാഴ്ചക്കാരും രണ്ടായിരത്തിലധികം കമന്റുകളുമാണ് വിഡിയോയ്ക്കു ലഭിച്ചത്.

വിമാനത്തിനുള്ളിൽ മുൻപിലും പിന്നിലുമായി വിന്‍ഡോ സീറ്റിലിരിക്കുന്ന രണ്ടു യാത്രക്കാർ തമ്മിലുള്ള തർക്കമാണ് വിഡിയോയിൽ കാണിക്കുന്നത്. പിൻസീറ്റിലിരിക്കുന്ന ആൾ മുൻസീറ്റിന്റെ ജനാലയുടെ ഷെയ്ഡ് അടച്ചതോടെയാണ് തർക്കം ആരംഭിക്കുന്നത്. പിന്നീട് ഇരുവരും മാറി മാറി ഷെയ്ഡ് തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നത് വിഡിയോയിൽ കാണാം. വിന്‍ഡോ തുറന്നാള്‍ വെളിച്ചം കൂടുതല്‍ അകത്തേക്ക് വരുമെന്ന് ഒരു യുവാവ് പറയുമ്പോള്‍ തനിക്ക് വിന്‍ഡോ തുറന്നിടുന്നതാണ് ഇഷ്ടമെന്നാണ് മറ്റെയാളുടെ പക്ഷം.

പിൻ സീറ്റിലിരിക്കുന്ന ആൾ തന്നെയാണ് സംഭവം ഷൂട്ട് ചെയ്തിരിക്കുന്നത്. വിഡിയോയ്ക്കു താഴെ ഇരുവരെയും പിന്തുണച്ചും വിമർശിച്ചും നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്. തികച്ചും വിവേകമില്ലാത്ത രീതിയിലാണ് ഇരുവരും പെരുമാറുന്നതെന്നും ചിലർ പറയുന്നു.

Leave A Reply