കഥകളി സംഗീതത്തിൽ തുടർച്ചയായി നാലാം തവണയും ഒന്നാമത് എത്തി ഈ കൊച്ചു മിടുക്കി

തൃശൂർ: തുടർച്ചയായി നാലാം തവണയും റവന്യു ജില്ലാ സ്‌കൂൾ കലോത്സവത്തിൽ കഥകളി സംഗീതത്തിന് എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി പി. ആർ. നിരഞ്ജന. തൃശൂർ വിവേകോദയം ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ് നിരഞ്ജന. കഴിഞ്ഞ നാല് വർഷമായി കഥകളി സംഗീതത്തിൽ ഉപജില്ലാ തലത്തിലും ജില്ലാ കലോത്സവത്തിലും ഒന്നാമതായി മുന്നേറുന്ന നിരഞ്ജനയ്ക്ക് പറയാനായി  ഒരു കലാ കുടുംബത്തിന്‍റ കഥയും  ഉണ്ട്.

ഇസാഫ് ഉദ്യോഗസ്ഥനായ അച്ഛൻ രവിയുടെ സംഗീതവും എടക്കളത്തൂർ ശ്രീരാമചന്ദ്ര യു.പി. സ്‌കൂളിലെ അധ്യാപികയായ അമ്മ നിഷയുടെ തിരുവാതിരയും കണ്ട് വളർന്ന നിരഞ്ജനയ്ക്ക് സംഗീതം ജീവിതത്തിന്‍റെ ഭാഗമായിരുന്നു. കഥകളിയിലുള്ള വീട്ടുകാരുടെ കമ്പമാണ് കുട്ടിക്കാലം മുതലേ നിരഞ്ജനയ്ക്കും വഴി കാട്ടിയായത്. കഥകളിസംഗീതം പഠിക്കണമെന്ന മോഹം വളരാൻ അതൊരു കാരണമായി. കഴിഞ്ഞ ഒമ്പത് വർഷമായി നിരഞ്ജന ശാസ്ത്രീയസംഗീതം പഠിക്കുന്നുണ്ട്. ഗുരുവായ കോട്ടയ്ക്കൽ സന്തോഷിന്‍റെ ശിക്ഷണത്തിൽ കഴിഞ്ഞ അഞ്ച് വർഷമായി കഥകളിസംഗീതവും അഭ്യസിച്ചു വരുന്നു.

കഥകളിസംഗീതം അരങ്ങത്ത് പാടുക എന്നതാണ് നിരഞ്ജനയുടെ ഏറ്റവും വലിയ ആഗ്രഹം. അതിനായുള്ള ശ്രമത്തിന് പിൻതാങ്ങായി അച്ഛനും അമ്മയും കൂടെയുണ്ട്. കലോത്സവങ്ങളിൽ കഥകളി സംഗീതത്തിന് പുറമേ അഷ്ടപദി, സംസ്‌കൃതപദ്യം, തിരുവാതിര, സംഘഗാനം, ഉറുദു പദ്യം എന്നീ മത്സരങ്ങളിലൊക്കെ നിരഞ്ജന സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

Leave A Reply