‘കഴിക്കരുത്, മതപരമായ ചടങ്ങുകള്‍ക്ക് മാത്രം’; ന്യൂജേഴ്സിയിൽ ചാണകവരളിക്ക് വില 215 രൂപ

വാഷിങ്ടൺ: സോഷ്യൽ മീഡിയയിൽ വൈറലായി യുഎസിലെ ‘ചാണക കേക്ക്’. ഒരു മാധ്യമ പ്രവർത്തകന്റെ ട്വിറ്റർ പോസ്റ്റിലാണ് അമേരിക്കയിലെ ഒരു കടയിൽ വിൽപ്പനയ്ക്കായി വച്ചിരിക്കുന്ന ചാണക കേക്കിന്റെ ചിത്രങ്ങൾ പുറത്തു വിട്ടിരിക്കുന്നത്. ശവദാഹത്തിനുമായി മറ്റുമായി ഇന്ത്യയിൽ ഉപയോഗിക്കുന്ന ചാണക വരളിയാണ് സംഭവം. മതപരമായ ആവശ്യങ്ങൾക്ക് മാത്രം എന്ന് കവറിൽ എഴുതിയിരിക്കുന്ന ചാണക കേക്ക് കഴിക്കാനുള്ളതല്ല എന്ന് പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്. ഏകേദശം 215 രൂപയാണ് പത്ത് എണ്ണം അടങ്ങിയ  ഒരു പാക്കറ്റിന്റെ വില.

സമർ ഹലാങ്കർ എന്നയാളാണ് ന്യൂജേഴ്സിയിലെ കടയിൽ ചാണകവരളി വിൽപ്പനയ്ക്ക് വച്ചതിന്റെ ചിത്രങ്ങൾ ട്വിറ്ററിലൂടെ പങ്കുവച്ചത്. ”തന്റെ കസിനാണ് ചാണകവരളിയുടെ ചിത്രങ്ങൾ അയച്ചു തന്നത്. എഡിസണിലെ ഒു കടയിലാണ് ചാണകവരളി വിൽ‌പ്പനയ്ക്ക് വച്ചിരിക്കുന്നത്. 2.99 ഡോളർ (215 രൂപ)യാണ് വില. അപ്പോൾ എന്റെ ചോദ്യമിതാണ്: ഇന്ത്യയിലെ പശുവിന്റെ ചാണകം കയറ്റി അയച്ചാണോ അതോ യാങ്കി പശുക്കളുടെ ചാണകം ഉപയോ​ഗിച്ചാണോ ഈ ചാണകവരളി ഉണ്ടാക്കിയിരിക്കുക?” എന്ന അടിക്കുറിപ്പോടെയാണ് സമർ ചിത്രം പങ്കുവച്ചിരിക്കുന്നത്.

ട്വീറ്റ് പുറത്ത് വന്ന് മണിക്കൂറുകൾക്കകം തന്നെ വൈറലായി. ‘ ഇത് ഇന്ത്യൻ പശുക്കളുടെ ചാണകം ഇറക്കുമതി ചെയ്തതാണോ അതോ വിദേശ പശുക്കളുടെ തന്നെയോ എന്നതാണ് ഒരാളുടെ സംശയം.. ‘ഇന്ത്യൻ പശുക്കളുടെ ചാണകത്തിൽ നിന്ന് തന്നെയാണ് ഇത് ഉണ്ടാക്കിയെന്നതിന് ഉറപ്പില്ലെ’ന്നാണ് മറ്റൊരാളുടെ പ്രതികരണം.. ‘ആരെങ്കിലും ഇത് കഴിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിന് അനുവദിക്കണമെന്ന് മറ്റൊരാളും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഏതായാലും യുഎസിലെ ചാണകകേക്കിനെ സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുകയാണ്.

ഒരു പാക്കറ്റിൽ പത്ത് ചാണകവരളിയാണുണ്ടാകുക. ചാണകവരളി വിൽപ്പനയ്ക്ക് വച്ചിരിക്കുന്നുവെന്ന അമ്പരപ്പിനൊപ്പം ഉത്പന്നത്തിന്റെ പരസ്യവാചകം കണ്ട് ചിരിക്കുകയാണ് സോഷ്യൽമീഡിയ.

Leave A Reply