മകനേ…. നീയായിരുന്നു എല്ലാം….; ദുരിതങ്ങളേയും മകനേയും ഓര്‍ത്ത് മനസ്സ് നീറി ഒരു അമ്മ

ജീവിതത്തിന്റെ നല്ലൊരു ഭാഗവും സ്വന്തം മകനു വേണ്ടി മരുഭൂമിയില്‍ കിടന്നു കഷ്ടപ്പെട്ട മണിയമ്മ ഇന്ന് തനിച്ചാണ്.  പന്തളം തെക്കേക്കര, പൊങ്ങലടി, നാരായണത്ത് മുരുപ്പേല്‍ നാണുവിന്റെ മകളായി ജനിച്ചു. കുട്ടിക്കാലവും യൗവ്വനവുമൊക്കെ മണിയമ്മയ്ക്ക്  സുവര്‍ണ്ണ കാലങ്ങളായിരുന്നു. എന്നാല്‍ വിവാഹ ശേഷമുളള ജീവിതം കഷ്ടപ്പാടിന്റെയും, സഹനത്തിന്റെയും നാളുകളായിരുന്നു. മകന്‍ ജനിച്ചതിനു  ശേഷം ഭര്‍ത്താവിലുണ്ടായ മാറ്റങ്ങളും ജീവിതത്തിലുളള പൊരുത്തക്കേടുകളും മണിയമ്മയെ ആകെ തളര്‍ത്തിയിരുന്നു. ഒടുവില്‍ മണിയമ്മയേയും മകനേയും ഉപേക്ഷിച്ച് അയാള്‍ പോയി. ജീവിക്കാന്‍ മറ്റൊരു മാര്‍ഗ്ഗവുമില്ലാതെയായി  മണിയമ്മയ്ക്ക് . താനും മകനും എങ്ങനെ ജീവിക്കും എന്നറിയാതെ  ഒരെത്തും പിടിയുമില്ലാതെ ദിവങ്ങളോളം ഉറങ്ങാതെ രാത്രിയും പകലും കഴിച്ചു കൂട്ടി ആ പാവം അമ്മ.

ഒടുവില്‍ സ്വന്തം വീട്ടിലേക്ക് തന്നെ  തിരികെ പോയി. അച്ഛനും അമ്മയ്ക്കും അവിവാഹിതനായ സഹോദരനുമൊപ്പം മണിയമ്മ  താമസിച്ചു. പതുക്കെ  മണിയമ്മയും മകനും അവര്‍ക്കൊരു ബാദ്ധ്യതയായി തീര്‍ന്നു. വീണ്ടുമൊരു വിവാഹത്തെപ്പറ്റി വീട്ടുകാര്‍ ആലോചിച്ചുവെങ്കിലും തന്റെ ഇനിയുളള ജീവിതം മകനു വേണ്ടി മാത്രമാണ് എന്ന് ഉറച്ച തീരുമാനമെടുത്തു. ജോലിയ്ക്കായി പലയിടത്തും കയറിയിറങ്ങിയെങ്കിലും ലഭിച്ചില്ല.  ഒടുവില്‍ ഗള്‍ഫില്‍ ഒരു ജോലി ശരിയായി. മകനെ പിരിഞ്ഞു നില്‍ക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നെങ്കിലും മകന്റെ ജീവിതം മുന്നില്‍ കണ്ട് ആ അമ്മ അതെല്ലാം സഹിച്ച് ഗള്‍ഫിലേക്കു പോയി.

നീണ്ട 15 വര്‍ഷം അവിടെ നിന്നു കഷ്ടപ്പെട്ടുണ്ടാക്കിയ പണം മകനും  വീട്ടിലേക്കും അയച്ചു കൊടുത്തു. വീട്ടുകാര്‍  അതുകൊണ്ടൊരു കൊച്ചു  വീടുണ്ടാക്കി. എന്നാല്‍ മകന്‍ ഈ പണം മദ്യപിച്ച് ധൂര്‍ത്തടിച്ചു കളഞ്ഞു. സ്വന്തമായി ഒരു പൈസപോലും മണിയമ്മ മാറ്റി വച്ചിരുന്നില്ല.  എല്ലാം മകന്റെ പേരില്‍ മാത്രമായിരുന്നു. അമ്മയുടെ മരണത്തോടെ നാട്ടിലേക്ക് മണിയമ്മ  തിരികെഎത്തി. ശാരീരിക ബുദ്ധിമുട്ടുകള്‍ കാരണം പിന്നീട് ജോലിക്ക് തിരികെ പോകാന്‍ സാധിച്ചതുമില്ല. ഇനിയുളള ജീവിതം മകന് ഒരു കുടുംബവുമൊക്കെയാക്കി അവരുടെ കൂടെ സന്തോഷത്തോടെ ജീവിക്കാം എന്ന പ്രതീക്ഷയോടെ മകനെ വിവാഹം കഴിപ്പിച്ചു. എന്നാല്‍ വിവാഹ ശേഷം മകന്‍ ആകെ മാറി. മകനു വേണ്ടി മാത്രംജീവിച്ച ആ അമ്മയെ അവരുടെ ജീവിതത്തില്‍ നിന്നും പുറത്താക്കി.

എന്നാല്‍ പരിഭവമോ പരാതിയോ ഇല്ലാതെ സ്വന്തം വീട്ടിലേക്ക് തന്നെ ആ അമ്മ  പോയി.  മകന്‍ ഉണ്ടായിട്ടും സ്വന്തം വീട്ടില്‍ വന്നു നില്‍ക്കുന്നതെന്തിന് എന്നചോദ്യം  മണിയമ്മയെ  തളര്‍ത്തി. ജീവനായി കരുതിയ മകന്‍ തളളിപ്പറയുക കൂടി ചെയ്തപ്പോള്‍ മണിയമ്മ മാനസികമായും ശാരീരികമായും തളര്‍ന്നു. പരിഭ്രാന്തിയായ മണിയമ്മയെ കൊടുമണ്‍ പോലീസും, അച്ഛനും സഹോദരനും കൂടി തുടര്‍ സംരക്ഷണത്തിനായി അടൂര്‍ മഹാത്മ ജനസേവനകേന്ദ്രത്തില്‍ എത്തിച്ചു. എല്ലാവരും ഉണ്ടായിട്ടും ആരുമില്ലാതായ മണിയമ്മയ്ക്ക് ഇപ്പോള്‍ കൂട്ടിന് ഇവിടുത്തെ അച്ഛനമ്മമാരുണ്ട്. തന്റെ ദുരിതങ്ങളേയും മകനേയും ഓര്‍ത്ത് മനസ്സ് നീറുന്നുണ്ടെങ്കിലും തനിക്ക് താങ്ങായി ആരോരുമില്ലാത്തവര്‍ക്ക് ആശ്രയം നല്‍കുന്ന നന്മനിറഞ്ഞ ഒരിടത്താണല്ലോ താന്‍ എത്തിയതെന്ന സമാധാനത്തോടെ  മണിയമ്മ ഇന്നും  ജീവിക്കുന്നു.

Leave A Reply