ഹിറ്റ്ലര്‍ ജനിച്ച ഓസ്ട്രിയയിലെ കെട്ടിടം പോലീസ് സ്റ്റേഷനാക്കുന്നു

വിയന്ന : ജർമ്മൻ രാഷ്ട്രീയപ്രവർത്തകനും നാസി പാർട്ടിയുടെ നേതാവുമായിരുന്ന അഡോൾഫ് ഹിറ്റ്ലര്‍ ജനിച്ച ഓസ്ട്രിയയിലെ കെട്ടിടം പോലീസ് സ്റ്റേഷനാക്കി മാറ്റുമെന്ന് ഓസ്ട്രിയന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. നാസികള്‍ക്ക് സ്മാരകമാക്കാന്‍ ഈ കെട്ടിടത്തില്‍ സാധ്യത അവശേഷിക്കുന്നില്ലെന്നു പ്രഖ്യാപിക്കുന്ന ഉറച്ച ശബ്ദമായിരിക്കും ഇതെന്നും ആഭ്യന്തര മന്ത്രി വോള്‍ഫ്ഗാങ് പെഷ്ചോണ്‍ പറഞ്ഞു.

കെട്ടിടത്തിന്റെ ഉടമയില്‍ നിന്ന് പതിറ്റാണ്ടുകളോളം സര്‍ക്കാര്‍ ഇതു വാടകയ്ക്കെടുത്തിരിക്കുകയായിരുന്നു. തീവ്ര വലതുപക്ഷക്കാര്‍ സ്മാരകമാക്കാതിരിക്കാന്‍ ഉദ്ദേശിച്ചായിരുന്നു ഇത്. ഡേ കെയര്‍ സെന്ററും പബ്ബുമെല്ലാം ഇവിടെ പ്രവര്‍ത്തിച്ചിരുന്നു.

ജനിച്ച് ആദ്യത്തെ ഏതാനും ആഴ്ചയാണ് ഹിറ്റ്ലര്‍ ഇവിടെ കഴിഞ്ഞിരുന്നത്. പതിനേഴാം നൂറ്റാണ്ടില്‍ നിര്‍മിച്ച കെട്ടിടം ബ്രൗണോ അം ഇന്‍ പട്ടണത്തിലാണ് നിലകൊള്ളുന്നത്. ദീര്‍ഘകാലം നിയമത്തിന്റെ കുരുക്കുകളിലായിരുന്ന കെട്ടിടം അടുത്ത കാലത്താണ് സര്‍ക്കാരിന്റെ അധീനതയിലെത്തുന്നത്. നിയമയുദ്ധത്തിനൊടുവില്‍ 2016 ലാണ് ഒരു സ്വകാര്യവ്യക്തിയില്‍ നിന്ന് 8,10,000 യൂറോ മുടക്കി സര്‍ക്കാര്‍ ഈ സമുച്ചയം കൈക്കലാക്കുന്നത്.1889 ഏപ്രില്‍ 20 ന് ഈ വീട്ടിലാണ് ഹിറ്റ്ലറുടെ ജനനം. ഹിറ്റ്ലറിന് മൂന്ന് വയസ്സുള്ളപ്പോള്‍ മാതാപിതാക്കള്‍ക്കൊപ്പം ഈ വീടും നഗരം വിട്ടുപോകുകയായിരുന്നു.

Leave A Reply