കരമനയിലെ ദുരൂഹ മരണങ്ങൾ; അന്വേഷണം അട്ടിമറിക്കാന്‍ കാര്യസ്ഥന്മാര്‍ ശ്രമിച്ചുവെന്ന് പോലീസ്

കരമനയിലെ ദുരൂഹ മരണങ്ങളിൽ അന്വേഷണം അട്ടിമറിക്കാന്‍ കാര്യസ്ഥന്മാര്‍ ശ്രമിച്ചതായി പൊലീസ്. 5 ലക്ഷം രൂപ വാഗ്ദാനം നല്‍കിയാണ് കാര്യസ്ഥന്മാര്‍ കള്ളമൊഴി നല്‍കാന്‍ വ്യാജ സാക്ഷിയെ നിയോഗിച്ചത്. കൂടുതൽ ചോദ്യം ചെയ്യലിൽ വ്യാജസാക്ഷി അന്വേഷണ സംഘത്തിന് മുന്നിൽ കുറ്റം സമ്മതിക്കുകയായിരുന്നു.

കൂടത്തിൽ തറവാട്ടിലെ ജയമാധവൻ നായരുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് വ്യാജ സാക്ഷിയെ ഇറക്കി അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചത്. ജയമാധവൻ നായരെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത് തന്റെ ഓട്ടോറിക്ഷയിൽ ആണെന്നായിരുന്നു ഓട്ടോഡ്രൈവറായിരുന്ന നിലവിൽ നഗരസഭയിലെ താൽക്കാലിക ജീവനക്കാരനായ സുമേഷിന്റെ മൊഴി. കാര്യസ്ഥൻ രവീന്ദ്രൻ നായർക്കൊപ്പം ജോലിക്കാരി ലീലയുമുണ്ടായിരുന്നതായും ഇയാൾ ജില്ലാ ക്രൈംബ്രാഞ്ച് സംഘത്തിന് മുമ്പാകെ മൊഴി നൽകി.

എന്നാൽ, മൊഴിയിൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് സത്യം വെളിപ്പെടുത്തിയത്. കാര്യസ്ഥൻമാരായ രവീന്ദ്രൻ നായർ, സഹദേവൻ എന്നിവരുടെ നിർദേശപ്രകാരമാണ് മൊഴി നൽകിയതെന്ന് ഇയാൾ വ്യക്തമാക്കി. ഇതിനായി അഞ്ച് ലക്ഷം രൂപ വാഗ്ദാനം ചെയ്തതായും സുമേഷ് വെളിപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിൽ കാര്യസ്ഥൻമാരെ വീണ്ടും ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.

Leave A Reply