കാലാവസ്ഥ വ്യതിയാനം നേരിടാന്‍ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തണം; കാര്‍ഷിക സെമിനാര്‍

പാലക്കാട്: കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കനുസരിച്ച് കൃഷിയില്‍ അവലംബിക്കേണ്ട പുതിയ മാര്‍ഗ്ഗങ്ങള്‍ പ്രതിപാദിച്ച് പുതുശ്ശേരി എസ്.കെ.എം ഹാളില്‍ കാര്‍ഷിക സെമിനാര്‍ നടന്നു. കാര്‍ഷിക വികസന, കര്‍ഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന ജില്ലാതല പ്രീ വൈഗയും പ്രകൃതികൃഷിയെ അധികരിച്ചുള്ള സംവാദവും സംയോജിപ്പിച്ചുള്ള ശില്‍പശാലയും പുതുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.സി ഉദയകുമാര്‍ അധ്യക്ഷനായി.

കീടങ്ങളുടെ ആക്രമണം, രോഗങ്ങള്‍, കുറഞ്ഞ വിളവ് എന്നിവയായിരുന്നു കാര്‍ഷിക മേഖല മുമ്പ് അഭിമുഖീകരിച്ചിരുന്ന പ്രധാന പ്രശ്‌നങ്ങള്‍. അത്യുത്പാദന ശേഷിയുള്ള വിത്തിനങ്ങളുടെ കണ്ടുപിടിത്തം, ചിലവുകുറഞ്ഞ കീടരോഗ നിയന്ത്രണ മാര്‍ഗങ്ങള്‍, വളപ്രയോഗം എന്നിവയിലൂടെ ഈ പ്രശ്‌നങ്ങളെ അതിജീവിക്കാന്‍ കര്‍ഷകര്‍ക്ക് കഴിഞ്ഞു. അതേസമയം, രണ്ടുവര്‍ഷമായി കര്‍ഷക സമൂഹം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നമായ കാലാവസ്ഥ വ്യതിയാനത്താല്‍ കാര്‍ഷികവിളകളുടെ ശേഖരണവും സംസ്‌കരണവും വെല്ലുവിളിയായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തെ നേരിടാന്‍ മികച്ച സാങ്കേതിക വിദ്യയുടെ സഹായത്തോടെ കര്‍ഷകര്‍ക്ക് കഴിയണമെന്ന് സെമിനാര്‍ വ്യക്തമാക്കി. നാണ്യവിളകളെക്കാള്‍ ഭക്ഷ്യവിളകള്‍ക്ക് പ്രാധാന്യം നല്‍കുന്ന ജില്ലയിലെ കര്‍ഷകര്‍ സംസ്ഥാനത്തൊട്ടാകെയുള്ള നെല്ല്, പച്ചക്കറി ഉല്‍പ്പാദനത്തില്‍ മുഖ്യപങ്ക് വഹിക്കുന്നുണ്ട്. കര്‍ഷകര്‍ക്കും കാര്‍ഷിക ഉല്‍പ്പന്ന സംരംഭകര്‍ക്കും വൈഗമേള മികച്ച അവസരമാണ് നല്‍കുന്നതെന്ന് കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ വി.സുരേഷ് ബാബു പറഞ്ഞു.

പ്രമുഖ കര്‍ഷകനായ അയിലൂര്‍ മത്തായി എം. മാത്യു ചെലവില്ലാ കൃഷിയെക്കുറിച്ചും സൂഷ്മമൂലകങ്ങളുടെ ഉപയോഗത്തെക്കുറിച്ചും വിവരിച്ചു. വിപണി മൂല്യത്തെക്കാള്‍ കര്‍ഷകര്‍ കാര്‍ഷിക ഉത്പന്നങ്ങളുടെ ഗുണമേന്മക്ക് പ്രാധാന്യം നല്‍കണമെന്നും പരിസ്ഥിതി സംരക്ഷണത്തിനായും വരുംതലമുറയ്ക്കായും കൃഷിയെ കരുതി വയ്ക്കണമെന്നും അഭിപ്രായപ്പെട്ടു. പഴം പച്ചക്കറി സംസ്‌കരണത്തിലൂടെ സ്വയംതൊഴില്‍ സംരംഭകരാകുന്നതിനെ സംബന്ധിച്ച് റിട്ട. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ വി. എസ് റോയ് വിശദീകരിച്ചു.

Leave A Reply