ഇന്ത്യയില്‍ വാഹനാപകടത്തിൽ മരിക്കുന്ന കാല്‍നട യാത്രക്കാരുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ട്

ന്യൂഡല്‍ഹി: ഇന്ത്യയിലെ റോഡുകള്‍ കാല്‍നട യാത്രക്കാർക്ക് ഭീഷണിയാകുന്നുവെന്ന് റിപ്പോർട്ട്. രാജ്യത്ത് ഓരോ വര്‍ഷവും അപകടത്തില്‍ മരിക്കുന്ന കാല്‍നട യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ 84% വര്‍ധനവ് ഉണ്ടായതായി റോഡ് അപകടവുമായി ബന്ധപ്പെട്ട് കേന്ദ്ര ഗതാഗത മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

2014ല്‍ ഒരു ദിവസം അപകടത്തില്‍ മരിക്കുന്ന കാല്‍നട യാത്രക്കാരുടെ എണ്ണം 34 ആയിരുന്നുവെങ്കില്‍ 2018ല്‍ അത് 62 ആയി. 2014ല്‍ 12,330 കാല്‍നട യാത്രക്കാരാണ് മരിച്ചതെങ്കില്‍ 2015ല്‍ 13,894 പേരും 2016ല്‍ 15,746 പേരും 2017ല്‍ 20,457 പേരും 2018ല്‍ 22,656 പേരുമായി.

രാജ്യത്ത് വാഹനാപകടങ്ങളില്‍ മരിക്കുന്നവരില്‍ 15 ശതമാനവും കാല്‍നട യാത്രക്കാരും 2.4 ശതമാനം സൈക്കിള്‍ യാത്രികരുമാണ്. 34% മരണനിരക്കും ബൈക്ക് അപകടങ്ങളിലാണ്. വിദേശരാജ്യങ്ങളില്‍ കാല്‍നട യാത്രക്കാരെ അങ്ങേയറ്റം മാനിക്കുകയും അവരുടെ സുരക്ഷയ്ക്ക് മുന്തിയ പരിഗണന നല്‍കുകയും ചെയ്യുമ്പോഴാണ് ഇന്ത്യയില്‍ ഇത്തരത്തില്‍ അവഗണന നേരിടുന്നത്.

2018ലെ റോഡ് അപകടങ്ങളുടെ കണക്ക് പ്രകാരം പശ്ചിമ ബംഗാളിലാണ് ഏറ്റവുമധികം കാല്‍നട യാത്രക്കാര്‍ കൊല്ലപ്പെടുന്നത്. 2,618 പേര്‍. മഹാരാഷ്ട്ര (2515), ആന്ധ്രാപ്രദേശ് (1569), ഡല്‍ഹി (420) എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നില്‍.

നഗരങ്ങളിലെ ഫുഡ്പാത്തുകളിലെ കൈയേറ്റങ്ങള്‍ തിരക്കേറിയ റോഡുകളിലേക്ക് ഇറങ്ങിനടക്കാന്‍ യാത്രക്കാരെ പ്രേരിപ്പിക്കുന്നു. കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ പലപ്പോഴും മുനിസിപ്പല്‍ അധികൃതര്‍ തയ്യാറാകുന്നില്ല.

Leave A Reply