ആശങ്കയോടെ കേരളം; സംസ്ഥാനത്ത് പ്രമേഹ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്

സംസ്ഥാനത്ത് പ്രമേഹ രോഗികളുടെ എണ്ണം മുൻ വർഷങ്ങളെ അപേക്ഷിച്ച് വലിയ തോതിൽ വർധിക്കുന്നതായി പഠനം. 10 വർഷത്തിനിടെ പ്രമേഹ രോഗികളുടെ എണ്ണത്തിൽ 20 ശതമാനമാണ് വർധനവ് ഉണ്ടായിട്ടുള്ളത്.  2009ൽ പ്രമേഹ രോഗികൾ ജനസംഖ്യയുടെ 15 ശതമായിരുന്നുവെങ്കിൽ ഇന്ന് 35 ശതമാനമാണ്. നിലവിൽ സംസ്ഥാനത്തെ നാല് പേരെ എടുത്താൽ അതിലൊരാൾ പ്രമേഹ രോഗിയാണെന്നാണ് കണക്ക്.

പ്രമേഹത്തിന് മുന്നോടിയായി ആളുകളിൽ കാണപ്പെടുന്ന പ്രീ ഡയബറ്റിസ് ഉള്ളവരുടെ എണ്ണവും വലിയ തോതിൽ വർധിച്ചിട്ടുണ്ട്. 2009 ൽ പ്രീ ഡയബറ്റിസ് ജനസംഖ്യയിലെ 12 ശതമാനം പേരിൽ മാത്രമാണ് കണ്ടിരുന്നതെങ്കിൽ നിലവിൽ അത് 25 ശതമാനമാണ്. കേരളത്തിൽ 30 ശതമാനം കുട്ടികൾക്ക് പ്രീ ഡയബറ്റിസുണ്ടെന്നും പഠനം സാക്ഷ്യപ്പെടുത്തുന്നു. നിലവിൽ രാജ്യത്ത് 73 ദശലക്ഷം പ്രമേഹ രോഗികളാണുള്ളതെങ്കിൽ 2035 ഓടെ അത് 134 ദശലക്ഷമായി വർധിക്കുമെന്നും പഠനം സൂചിപ്പിക്കുന്നു. ഏതായാലും ഇത് സംബന്ധിച്ച രേഖകൾ ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് ഉടൻ പുറത്തു വിടും.

മാറിയ ജീവിത സാഹചര്യമാണ് പ്രമേഹ രോഗികളുടെ എണ്ണത്തിൽ ഇത്രയേറെ വർദ്ധനവിന് കാരണമായി വിലയിരുത്തുന്നത്. ഭക്ഷണം വാരി വലിച്ചു കഴിക്കുന്നതിനൊപ്പം വ്യായാമമില്ലായ്മ പ്രമേഹത്തിലേക്കു നയിക്കുന്നുവെന്നു പ്രമേഹ രോഗ വിദഗ്ധൻ ശ്രീജിത്ത്‌ കുമാർ പറയുന്നു. അതിനാൽ ഭക്ഷണ വിഭവങ്ങളിൽ പച്ചക്കറികൾക്കും പഴവർഗ്ഗങ്ങൾക്കും അധിക പ്രാധാന്യം നൽകേണ്ടത് അനിവാര്യമെന്നും അദ്ദേഹം പറയുന്നു. ഭക്ഷണം കഴിക്കുന്ന വേളയിൽ പാത്രത്തിൽ പച്ചക്കറിക്കും പഴവർഗ്ഗങ്ങൾക്കും സ്ഥാനമുണ്ടാകണം. ഒപ്പം വ്യായാമത്തിനു കൂടി ജീവിതത്തിൽ പ്രാധാന്യം നൽകിയാൽ തീരാവുന്ന പ്രശ്നമാണിതെന്നും ഡോ.ശ്രീജിത്ത്‌ വ്യക്തമാക്കുന്നു.

പ്രമേഹ നിയന്ത്രണം രോഗിയുടെ മാത്രമല്ല, അയാള്‍ ഉള്‍ക്കൊള്ളുന്ന കുടുംബാംഗങ്ങളുടെ മൊത്തമായ പരിശ്രമത്തിലൂടെയാണ് സമഗ്രമാക്കേണ്ടത്. ആത്മാര്‍ത്ഥമായ പിന്തുണയും കരുതലുമായി കുടുംബത്തിലെ എല്ലാ അംഗങ്ങളും എപ്പോഴും രോഗിയോടൊപ്പമുണ്ടാവണം. അതായത് രോഗിക്ക് മാത്രമായി ഒരു ഭക്ഷണക്രമമില്ല. അത് രോഗിയെ ഒറ്റപ്പെടുത്തും. ശാസ്ത്രീയവും പഥ്യവുമായ ഭക്ഷണശൈലി പ്രമേഹരോഗിക്കു മാത്രമല്ല കുടുംബത്തിലെ മറ്റംഗങ്ങള്‍ക്കും പ്രയോജനപ്പെടും. അവര്‍ക്ക് പ്രമേഹ സാധ്യതയുണ്ടെങ്കില്‍ അത് കുറയുകയും ചെയ്യും. പഥ്യമായ ഭക്ഷണക്രമവും കൃത്യമായ വ്യായാമശീലവും മുടങ്ങാതെയുള്ള ഔഷധസേവയും സ്വായത്തമാക്കാന്‍ രോഗിക്ക് താങ്ങും തണലുമായി കുടുംബാംഗങ്ങളും എപ്പോഴുമുണ്ടാവണം.

Leave A Reply