തിരുവനന്തപുരം ഉള്‍പ്പെടെ 13 നഗരങ്ങളില്‍ വിതരണം ചെയ്യുന്നത് കുടിക്കാന്‍ യോഗ്യമല്ലാത്ത പൈപ്പ് വെള്ളം

രാജ്യത്തെ 13 നഗരങ്ങളിൽ പൈപ്പ് വഴി വിതരണം ചെയ്യുന്ന കുടിവെള്ളം ഗുണനിലവാരമില്ലാത്തതും ,കുടിക്കാൻ യോഗ്യമല്ലാത്തതുമാണെന്ന് കേന്ദ്ര സർക്കാർ . കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രി രാംവിലാസ് പാസ്വാനാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 21 പ്രമുഖ നഗരങ്ങളിലാണ് ഇതു സംബന്ധിച്ച പരിശോധനകൾ നടന്നത് .

ഇന്ത്യൻ സ്റ്റാൻഡേർഡ് അനുസരിച്ച് കുടിക്കാൻ ശുദ്ധമായ ജലം ലഭിക്കുന്നത് മുംബൈയിൽ മാത്രമാണ് . തിരുവനന്തപുരം , ചണ്ഡിഗഡ്, പറ്റ്ന , ഭോപ്പാൽ,ഗുവഹാത്തി , ബംഗളൂരു , ഗാന്ധിനഗർ, ലക്നൗ, ജമ്മു, ജയ്പൂർ, ഡെറാഡൂൺ,ചെന്നൈ,കൊൽക്കത്ത എന്നിവിടങ്ങളിലാണ് ഇത്തരത്തിൽ ഗുണനിലവാരമില്ലാത്ത കുടിവെള്ളം ലഭിക്കുന്നത് .

ഡൽഹിയിലെ 11 സ്ഥലങ്ങളിൽ നിന്ന് ശേഖരിച്ച പൈപ്പ് വെള്ളത്തിന്റെ സാമ്പിളുകളും ഗുണനിലവാര പരിശോധനയിൽ പരാജയപെട്ടു . ജനങ്ങൾക്ക് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കാൻ കേന്ദ്ര സർക്കാരിൽ നിന്ന് എന്താണ് ചെയ്യേണ്ടതെന്ന് സംസ്ഥാനങ്ങൾക്ക് കത്തെഴുതി ചോദിക്കുമെന്നും മന്ത്രി വ്യക്തമാക്കി . എല്ലാവര്‍ക്കും കുടിവെള്ളം എന്ന ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായാണ് പൈപ്പ് വെള്ളത്തിന്റെ നിലവാരം പരിശോധിച്ചത്. ഡല്‍ഹി ഉള്‍പ്പെടെ 21 സംസ്ഥാനങ്ങളിലാണ് പരിശോധന നടന്നത്.

യൂറോപ്പ് ഉള്‍പ്പെടെയുള്ള വികസിത രാജ്യങ്ങളില്‍ പൈപ്പ് വെള്ളം കുടിക്കാന്‍ യോഗ്യമാണോയെന്ന് വ്യക്തമായി സാക്ഷ്യപ്പെടുത്തി എഴുതിയിട്ടുണ്ടാകും. എന്നാല്‍ ഇന്ത്യയില്‍ ഇത്തരമൊരു സംവിധാനമില്ല. ഇന്ത്യയിലെ പൈപ്പ് വെള്ളത്തിന്റെ നിലവാരം എങ്ങനെ ആയിരിക്കണമെന്ന് നിശ്ചയിക്കാന്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡിനെയാണ് നിയോഗിച്ചത്. രാജ്യത്തെ സ്മാർട്ട് സിറ്റികൾ , വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ നഗരങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള കുടിവെള്ളം പരിശോധിച്ചതിന്റെ ഫലങ്ങൾ 2020 ജനുവരിയിൽ വരുമെന്നാണ്  പ്രതീക്ഷിക്കുന്നത് . 2020 ഓഗസ്റ്റ് 15 ഓടെ രാജ്യത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലെയും പൈപ്പ് വെള്ളത്തിന്റെ ഗുണനിലവാരം സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തുവരും.

Leave A Reply