ആൻഡ്രോയിഡ് കുഞ്ഞപ്പൻ: പുതിയ പോസ്റ്റർ പുറത്തിറങ്ങി

സൗബിൻ ഷാഹിർ നായകനായി എത്തുന്ന ആൻഡ്രോയ്ഡ് കുഞ്ഞപ്പൻറെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ഫോഴ്സ്, ബദായ് ഹോ, മർഡ് കോ ദർദ് നഹി ഹോതാ എന്നീ ബോളിവുഡ് ചിത്രങ്ങളുടെയും നിരവധി പരസ്യ ചിത്രങ്ങളുടെയും പ്രൊഡക്ഷൻ ഡിസൈനറായ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ.മൂൺഷോട്ട് എന്‍റര്‍ടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ സന്തോഷ് ടി കുരുവിള നിർമിച്ചിരിക്കുന്ന ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25, കുടുംബത്തെയും, കുടുംബ ബന്ധങ്ങളെയും, സ്നേഹത്തെയും കുറിച്ചുള്ള അപൂർവമായ കഥയാണ് പറയുന്നത്.

പ്രശസ്തനായ ഛായാഗ്രാഹകൻ സാനു ജോൺ വർഗീസ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്ന കുഞ്ഞപ്പൻ വേർഷൻ 5.25ന്‍റെ എഡിറ്റിംഗ് സൈജു ശ്രീധരനും സംഗീതം ബിജി ബാലുമാണ്. പ്രായമായ അച്ഛനും മകനും തമ്മിലുള്ള ഇണക്കവും പിണക്കവും, അവരുടെ ദൈനംദിന ജീവിതത്തിലെ പൊരുത്തക്കേടുകളും, വീട്ടുജോലിക്കായി അവരുടെ ഇടയിലേക്ക് വരുന്ന റോബോട്ടും അതിനെ ചുറ്റി പറ്റി അവരുടെ ജീവിതത്തിൽ വരുന്ന മാറ്റങ്ങളുമാണ് ആൻഡ്രോയിഡ് കുഞ്ഞപ്പന്‍റെ പ്രമേയം. കെൻഡി സിർദോ, മാല പാർവതി, മേഘ മാത്യു എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ ആൻഡ്രോയിഡ് കുഞ്ഞപ്പനിൽ അണിനിരക്കുന്നുണ്ട്.

റഷ്യയിലെ സെന്‍റ് പീറ്റേഴ്‌സ്ബർഗിലും, കേരളത്തിലെ പയ്യന്നൂരിലുമായി ഷൂട്ടിംഗ് പൂർത്തീകരിച്ച ആൻഡ്രോയിഡ് കുഞ്ഞപ്പൻ ബോളിവുഡ് സിനിമയിൽ സജീവമായിരുന്ന രതീഷ് പൊതുവാളിന്‍റെ മലയാളത്തിലെ ആദ്യത്തെ സിനിമയാണ്. ജയദേവൻ ചക്കടാത് ചിത്രത്തിന്‍റെ സൗണ്ട് ഡിസൈനറും ജ്യോതിഷ് ശങ്കർ പ്രൊഡക്ഷൻ ഡിസൈനറുമാണ്. നവംബർ എട്ടിന് പ്രദർശനത്തിന് എത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.

Leave A Reply