“അയോദ്ധ്യ വിധി ശബരിമലയെ ബാധിക്കുമോ?. . .”; അഡ്വ.ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് കുറിപ്പ് ചർച്ചയാകുന്നു

അയോദ്ധ്യ വിധി ശബരിമലയെ ബാധിക്കുമോ എന്നു ചോദിക്കുന്നവരുണ്ട്. ഇല്ല. രണ്ടും രണ്ടാണ്. ഒന്ന്, സ്ഥലത്തിന്റെ ഉടമസ്ഥ-കൈവശ അവകാശമാണ്. അതിൽ ഒരുവശത്ത് ദൈവമായ രാമൻ തന്നെയാണ് കക്ഷി. രണ്ടിലൊരാളുടെ അവകാശം കോടതി സ്ഥാപിച്ചു. 400 വർഷമായി മുസ്ലീങ്ങൾ പ്രാർത്ഥിച്ചു വന്നിരുന്ന ഒരു പള്ളി ഇനി വേണ്ടെന്നു കോടതി തീരുമാനിച്ചതിനെതിരെ എത്ര സൗമ്യമനത്തോടെയാണ് അവർ പ്രതികരിച്ചത്. സുപ്രീംകോടതി വിധി അന്തിമമാണ്.

ശബരിമലയിൽ സർക്കാരുണ്ടാക്കിയ നിയമമുണ്ട്, ചട്ടമുണ്ട്. ആ ചട്ടം നിയമത്തിനു വിരുദ്ധമാണോ എന്നാണ് കോടതി പരിശോധിച്ചത്. എല്ലാവർക്കും പ്രവേശനം അനുവദിക്കുന്ന നിയമത്തിനു വിരുദ്ധമായി യുവതികളുടെ പ്രവേശനത്തിന് വിലക്ക് ഏർപ്പെടുത്തുന്ന ചട്ടം ഉണ്ടാക്കിയത് തെറ്റെന്നു കോടതി വിധിച്ചു. അത് നിയമവിരുദ്ധം മാത്രമല്ല, ഭരണഘടനാ വിരുദ്ധം കൂടിയാണ് എന്നും വിധിച്ചു. യുവതികൾക്കുള്ള വിലക്കിനു അര നൂറ്റാണ്ടിന്റെ പോലും പിൻബലമില്ലെന്നും എത്രയോ തവണ അവിടെ എത്രയോ യുവതികൾ കയറിയതായി തെളിവുകൾ ഉണ്ടെന്നും കോടതി നിരീക്ഷിച്ചു.

ആ വിധിയുടെ വെളിച്ചത്തിൽ 2 യുവതികൾ വീണ്ടും ശബരിമലയിൽ കയറി. വിശ്വാസം അന്ധമാണെങ്കിൽ, ശ്രീ.അയ്യപ്പന്റെ നിത്യബ്രഹ്മചര്യം എന്നോ നഷ്ടമായിക്കാണും !! ചില വിശ്വാസികൾ കരുതുംപോലെ അയ്യപ്പസ്വാമി ലോലഹൃദയനല്ല. യുവതികൾക്ക് മാസമുറ കൊടുത്തതും അതേ ഈശ്വര ചൈതന്യമാണ് എന്നു വിശ്വസിക്കുന്നവരാണ് യഥാർത്ഥ ഭക്തർ. ആര് ദർശനം നടത്തിയാലും തടയുന്നത് ദൈവത്തിന്റെ പണിയല്ല. യുവതികൾ ദര്ശിച്ചിട്ടുണ്ടെങ്കിൽ അതും ഈശ്വരനിശ്ചയം എന്നാണ് യഥാർത്ഥ ഭക്തർ കരുതുക.

വിധിയിൽ പ്രത്യക്ഷമായി തെറ്റുണ്ട് എന്ന പരാതിയുമായി 49 റിവ്യൂ ഹരജികൾ വന്നു. പതിവിനു വിപരീതമായി റിവ്യൂ ഹരജികൾ തുറന്ന കോടതിയിൽ വാദം കേട്ടു.

റിവ്യൂ അനുവദിച്ചാൽ, വിധി പിൻവലിച്ച് കേസ് വീണ്ടും വാദം കേൾക്കാം, ഉയർന്ന ബെഞ്ചിന് വിടാം, ഒറിജിനൽ കേസ് തന്നെ വേണമെങ്കിൽ തള്ളാം. റിവ്യൂ തള്ളുകയും ചെയ്യാം. യുവതീ പ്രവേശനം തടയുന്ന കേരള ഹൈക്കോടതിയുടെ ഒരു വിധിയുണ്ട്. അത് റദ്ദ് ചെയ്തിരുന്നില്ല എന്നൊരു വാദമുണ്ട്. അത് റദ്ദായതായി ഉൾപ്പെടെ നേരത്തെ വിധി വായിച്ചിട്ട് വ്യക്തത വരാത്ത ഏതെങ്കിലും ഭാഗം വിശദീകരണം നൽകി റിവ്യൂകൾ തീർപ്പാക്കുകയും ആവാം.

ഇക്കാര്യത്തിൽ apparent error ഇല്ലെന്ന് കണ്ട്, വിശ്വാസത്തെയും ഭരണഘടനയെയും വിശദീകരിക്കുന്ന ഒരു വിധിയാണ് എന്റെ പ്രതീക്ഷ. വിശ്വാസ അവകാശം മറ്റു മൗലികാവകാശങ്ങൾക്ക് വിധേയമായി മാത്രമേ ഇന്ത്യൻ ഭരണഘടന അംഗീകരിക്കുന്നുള്ളൂ എന്ന സത്യം അംഗീകരിക്കാത്തവർക്ക് മാത്രമേ ശബരിമലയിൽ ആശങ്ക ഉള്ളൂ.

അതല്ല 7 അംഗ ബഞ്ച് ഇതിലെ ഭരണഘടനാ വാദങ്ങൾ പരിശോധിക്കണം എന്നാണ്, അതുവരെ യുവതികൾ കയറേണ്ട എന്നാണ് വിധിയെങ്കിൽപ്പോലും അതും ജനാധിപത്യത്തിന്റെ വിജയമാണ് എന്ന പക്ഷക്കാരനാണ് ഞാൻ. നീതിയാണ് നടപ്പാക്കുന്നത് എന്നു പരാതിക്കാരെ ബോധ്യപ്പെടുത്തുന്ന ഏത് സംവിധാനവും ജുഡീഷ്യറിയുടെ യശസ് ഉയർത്തുകയെ ഉള്ളൂ.

ആദ്യം സ്വാഗതം ചെയ്യുകയും പിന്നീട് രാഷ്ട്രീയ-വർഗ്ഗീയ മുതലെടുപ്പ് നടത്തുകയും ചെയ്തവരോട് ഒന്നും പറയാനില്ല. പാഷണത്തിൽ ക്രിമികൾ എല്ലാ സമൂഹങ്ങളിലുമുണ്ട്. അവർ പുളയ്ക്കട്ടെ.. നിയമം കൈയിലെടുത്താൽ അവരെ പോലീസ് നേരിടണം.

(ഇതുകൊണ്ടൊന്നും വാളയാറിലെ കുട്ടികൾക്ക് നീതി കിട്ടാനുള്ള യത്നം മറഞ്ഞുപോവില്ല)

Leave A Reply