കര്‍ണാടകയിലെ കോണ്‍ഗ്രസ്- ജെഡിഎസ് വിമതർ ബിജെപിയിലേക്ക്; താമര ചിഹ്നത്തിൽ മത്സരിച്ചേക്കും

ബംഗളൂരു: കർണാടകയിൽ അയോഗ്യരാക്കപ്പെട്ട 17 എംഎൽഎമാരും ബിജെപിയിൽ ചേർന്നേക്കുമെന്ന് സൂചന. വ്യാഴാഴ്ച ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായേക്കും. ബിജെപിയിൽ ചേരാൻ ക്ഷണം കിട്ടിയെന്ന് വിമത നേതാവ് എച് വിശ്വനാഥ് അറിയിച്ചു. ഇവര്‍ താമര ചിഹ്നത്തിൽ തന്നെ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് സാധ്യത. ബിജെപി ടിക്കറ്റിൽ മത്സരിക്കാൻ തീരുമാനിച്ചെന്നു വിമത നേതാവ് രമേശ്‌ ജർക്കിഹോളി അറിയിച്ചു.

സ്പീക്കറുടെ അയോഗ്യതയ്ക്കെതിരേ 17 എംഎൽഎമാരും സുപ്രീംകോടതിയെ സമീപിച്ചെങ്കിലും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള വിലക്ക് മാത്രമാണ് നീക്കിക്കിട്ടിയത്. വിമത എംഎല്‍എമാരെ അയോഗ്യരാക്കിയ, മുന്‍ സ്പീക്കര്‍ രമേശ് കുമാറിന്‍റെ നടപടി സുപ്രീംകോടതി ഇന്ന് ശരിവച്ചിരുന്നു. വിമതര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി പറഞ്ഞത്. എന്നാൽ മത്സരിക്കാനുള്ള വിലക്ക് റദ്ദാക്കിയതിനാൽ ഉപതെരഞ്ഞെടുപ്പിൽ വീണ്ടും ജനവിധി തേടാൻ കഴിയുമെന്നതാണ് വിമതരുടെ ആശ്വാസം.വിമതര്‍ക്ക് 2023 വരെ മത്സരിക്കാന്‍ സാധിക്കില്ലെന്ന സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കുകയായിരുന്നു.

Leave A Reply