മദ്യപാനത്തിനിടെ വാക്കു തർക്കം: ചുറ്റിക കൊണ്ടടിയേറ്റ 33കാരന്‍ മരിച്ചു

ബാലരാമപുരം:  മദ്യപാനത്തിനിടെ വാക്കു തർക്കത്തെ തുടർന്ന് ചുറ്റികകൊണ്ട് തലയ്ക്കടിയേറ്റ ബാലരാമപുരം താന്നിമൂട് കോഴോട് അനീഷ് ഭവനിൽ അനീഷ്(33) കൊല്ലപ്പെട്ടു. ഗുരുതരമായി പരുക്കേറ്റ ബാലരാമപുരം മണലി കൂടല്ലൂർ മേലെ നെടുംകുന്നത്ത് വീട്ടിൽ ബിനു (46)  മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ബിനുവിന്റെ സഹോദരൻ ജയകുമാർ, സമീപവാസിയായ അനിൽ എന്നിവരെ കസ്റ്റഡിയിലെടുത്തു.

ബുധനാഴ്ച രാത്രിയിലാണ് സംഭവം. തലയ്ക്കും മുഖത്തുമാണ് രണ്ടുപേർക്കും പരുക്കേറ്റത്. രാവിലെ വീട്ടിലെത്തിയ അനിലാണ് അനീഷിനെ മരിച്ച നിലയിലും ബിനു ഗുരുതരാവസ്ഥയിൽ രക്തത്തിൽ കുളിച്ചു കിടക്കുന്നതും കാണുന്നത്. തുടർന്ന്  ബിനുവിന്റെ മകനെ വിളിച്ചു വരുത്തി ബിനുവിനെ ആശുപത്രിയിലെത്തിച്ചു.

സംഭവം ഇങ്ങനെ.  അനീഷ് ഉൾപ്പെടുന്ന  സംഘം മദ്യപിക്കാൻ ബാലരാമപുരം മണലി വാർഡിൽ കൂടല്ലൂരിലെ സമീപത്ത് ആൾപാർപ്പില്ലാത്തതും ഒഴിഞ്ഞു കിടക്കുന്നതുമായ ബിനുവിന്റെ വീട്ടിൽ കൂടുമായിരുന്നു. ബുധനാഴ്ച വൈകുന്നേരം ഈ സംഘം ബിനുവിന്റെ വീടിനു സമീപത്തു തന്നെയുള്ള സഹോദരൻ ജയകുമാറിന്റെ വീട്ടിലിരുന്ന് മദ്യപിക്കുകയും തുടർന്ന് ഇവർ തമ്മിൽ വാക്കു തർക്കത്തിലേർപ്പെടുകയും ചെയ്തു. ഇതിനിടെ അനീഷ് വീട്ടിലിരുന്ന ചുറ്റിക എടുത്ത് ബിനുവിന്റെ തലയ്ക്കടിച്ചു. ഇതുകണ്ട ബിനുവിന്റെ സഹോദരൻ ജയകുമാർ ചുറ്റിക പിടിച്ചു വാങ്ങി അനീഷിനെ ആക്രമിച്ചു. ഇതോടെ സംഘത്തിലുണ്ടായിരുന്ന അനിൽ വീട്ടിലേക്ക് മടങ്ങി. രാത്രിയിലെ വഴക്ക് എന്തായെന്നറിയാൻ അനിൽ പുലർച്ചെ ബിനുവിന്റെ വീട്ടിലെത്തുമ്പോഴാണു വിവരം അറിയുന്നത്. തുടർന്ന് പൊലീസെത്തി നടത്തിയ പരിശോധനയിൽ സംഭവത്തിന് ശേഷം സമീപത്തെ തോട്ടിൽ ഉപേക്ഷിച്ച ചോരപുരണ്ട ചുറ്റിക കണ്ടെത്തി.

Leave A Reply