സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫിയില്‍ കേരളത്തിന് തോല്‍വിയോടെ തുടക്കം

തിരുവനന്ത്പുരം: സയ്ദ് മുഷ്താഖ് അലി ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളത്തിനു തോല്‍വിയോടെ തുടക്കം. തിരുവനന്തപുരത്തെ സെന്റ് സേവിയേഴ്‌സ് കെസിഎ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന ഗ്രൂപ്പ് ബി മല്‍സരത്തില്‍ അയല്‍ക്കാരായ തമിഴ്‌നാടിനോട് ഏഴു വിക്കറ്റിനാണ് കേരളം തോൽവി ഏറ്റുവാങ്ങിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ തമിഴ്‌നാട് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ കേരളത്തിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുക്കാനാണ് സാധിച്ചത്.

ബാബ അപരാജിത് (35), ദിനേശ് കാര്‍ത്തിക് (33), മുഹമ്മദ് സലീം (34), വിജയ് ശങ്കര്‍ (25), മസൂദ് ഖാന്‍ (28) എന്നിവരുടെ ഇന്നിങ്‌സാണ് തമിഴ്‌നാടിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ബേസില്‍ തമ്പി മൂന്ന് വിക്കറ്റ് വീഴ്ത്തി.

34 റണ്‍സ് നേടിയ രോഹന്‍ കുന്നുമ്മലാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. സച്ചിന്‍ ബേബി (32), വിഷ്ണു വിനോദ് (24) എന്നിവരാണ് അല്‍പമെങ്കിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത മറ്റുതാരങ്ങള്‍.ഈ സീസണില്‍ കേരളത്തിന്റെ നായകനായെത്തിയ ഉത്തപ്പയ്ക്കു ഈ മല്‍സരത്തിലും ബാറ്റിങില്‍ തിളങ്ങാനായില്ല. ഒമ്പത് റണ്‍സ് മാത്രമാണ് ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് താരമായ ഉത്തപ്പയ്ക്കു നേടാനായത്. ടി നടരാജന്‍, പെരിയസാമി ഗണേശന്‍ എന്നിവര്‍ തമിഴ്‌നാടിനായി മൂന്ന് വിക്കറ്റുവീതം വീഴ്ത്തി.

Leave A Reply