നാലു കിലോ സവാള വാങ്ങൂ, ഒരു ഷര്‍ട്ട് തികച്ചും സൗജന്യം; കിടിലന്‍ ഓഫറുമായി പച്ചക്കറി കച്ചവടക്കാരൻ

കൊല്ലം:  ‘നാലു കിലോ സവാള വാങ്ങൂ, ഒരു ഷര്‍ട്ട് തികച്ചും സൗജന്യം’ ഇത് കൊല്ലം കളക്ടറേറ്റിനടുത്ത് പച്ചക്കറി നടത്തുന്ന പ്രകാശ് എന്ന കച്ചവടക്കാരന്‍ നല്‍കുന്ന ഓഫറാണ്. നാലു കിലോ സവാള വാങ്ങിയാൽ ഒരു ഷർട്ട് സൗജന്യം. നാലു കിലോയ്ക്ക് മുന്നൂറ് രൂപയാണ് വില. വിലക്കയറ്റം ആയതിനാൽ ആളുകളെ ആകർഷിക്കാനാണ് ഇത്തരമൊരു ഓഫറെന്ന് ഉടമ പ്രകാശ് പറയുന്നു.

300 രൂപയുടെ സാധനത്തിന് ഷർട്ട് സൗജന്യമായി നൽകിയാൽ സവാള കരയിക്കല്ലേ എന്ന് ചോദിച്ചാൽ കൈനഷ്ടം തന്നെയെന്നാണ് പ്രകാശിന്റെ മറുപടി. എങ്കിലും ആകെ ലാഭത്തിന്റെ ഒരു വിഹിതം ഓഫറുകൾക്കായി മാറ്റി വയ്ക്കുന്നു. കടയിലെത്തുന്നവർ സന്തോഷത്തോടെ മടങ്ങുമ്പോൾ മനസ്സിന് സന്തോഷമുണ്ട്.  ബംഗളൂരുവില്‍ നിന്ന് സുഹൃത്ത് വഴി എത്തിച്ച 50 ഷര്‍ട്ടുകളില്‍ 45 എണ്ണവും ഒറ്റ ദിവസം കൊണ്ട് തീര്‍ന്നു പോവുകയും ചെയ്തു.

പച്ചക്കറി വാങ്ങുന്നവർക്ക് ഇടയ്ക്കിടെ പച്ചക്കറി തന്നെ ഓഫറായി നൽകും. ഇതിനു മുൻപ് ലോട്ടറിയും ഓഫറായി നൽകിയിരുന്നു. 10 പേർക്ക് ലോട്ടറിയടിക്കുകയും ചെയ്തു. . ഓഫറുകള്‍ അവസാനിച്ചിട്ടില്ലെന്നും, ഞെട്ടിക്കുന്ന ഓഫറുകള്‍ ഇനിയും മനസിലുണ്ടെന്ന് പ്രകാശ് പറയുന്നു.

Leave A Reply