ശാന്തൻപാറ കൊലപാതകം: വസീമും ലിജിയും തമിഴ്നാട്ടിലേക്ക് കടന്നതായി സൂചന

ഇടുക്കി:  ശാന്തന്‍പാറയില്‍ യുവാവിനെ കൊന്നു കുഴിച്ചു മൂടിയ പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്. കൊല്ലപ്പെട്ട റിജോഷിന്റെ ഭാര്യ ലിജി, മുഖ്യപ്രതി വസീം എന്നിവരുടെ ഫോണ്‍ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. വസീമിന്റെ സഹോദരനും രണ്ടു സുഹൃത്തുക്കളും പൊലീസ് കസ്റ്റഡിയിലാണ്. പൊലീസ് അന്വേഷണം ഊർജ്ജിതമായതോടെ വസീം ലിജിയെയും മകളെയും കൂട്ടി തമിഴ്നാട്ടിലേയ്ക്ക് കടന്നതായും സൂചനയുണ്ട്.

മദ്യത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിക്കുകയും, തുടര്‍ന്ന് അവശേഷിച്ച ശരീരം ചാക്കില്‍ കെട്ടി കുഴിച്ചു മൂടുകയായിരുന്നെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. ശാന്തൻപാറ പുത്തടി മൂല്ലൂർ വീട്ടിൽ റിജോഷിന്റെ മൃതദേഹം പുത്തടിക്കു സമീപം മഷ്റൂം ഹട്ട് ഫാം ഹൗസിന്റെ കൃഷിയിടത്തിൽ നിന്നു കണ്ടെത്തിയതോട തൃശൂര്‍‍ ഇരിങ്ങാലക്കുട സ്വദേശിയായ ഫാം ഹൗസ് മാനേജര്‍ വസീമിന്റെ കുറ്റം ഏറ്റു പറഞ്ഞുള്ള വിഡിയോ സന്ദേശം പൊലീസിന് ലഭിച്ചിരുന്നു. താനാണ് പ്രതിയെന്നും അനിയനെയും കൂട്ടൂകാരെയും വെറുതെ വിടണമെന്നുമായിരുന്നു വസീം വിഡിയോയിൽ പറഞ്ഞത്. കൊല്ലപ്പെട്ട റിജോഷിന്റെ ഭാര്യ ലിജിയുടെ വസീമുമായുള്ള ബന്ധമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന പൊലീസ് സംശയം ഇതോടെ വ്യക്തമായി.

അതേസമയം, റിജോഷിന്റെ പോസ്റ്റമോർട്ടം റിപ്പോർട്ട് പുറത്തുവന്നു. യുവാവിനെ കഴുത്തുഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കൊലനടക്കുന്ന സമയം റിജോഷ് അർധബോധാവസ്ഥയിൽ ആയിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. കയറോ, തുണിയോ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചാണ് റിജോഷിനെ കൊലപ്പെടുത്തിയിരിക്കുന്നത്.  ഈ സമയം റിജോഷ് അർധബോധാവസ്ഥയിലായിരുന്നു. ഈ അവസ്ഥയിലാക്കാൻ മദ്യമോ,വിഷമോ റിജോഷിന് നൽകിയോ എന്നറിയാൻ കൂടുതൽ പരിശോധന ആവശ്യമാണ്. ശരീരത്തിൽ മുറിവുകളോ മറ്റ് പാടുകളോ ഒന്നുമില്ലെന്നും പോസ്റ്റ്‌മോർട്ടം പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു.

Leave A Reply