അയോധ്യയിലെ ആവേശം അപകടമാകുമോ ?

അയോധ്യകേസ് വിധിക്ക് മുന്നോടിയായുള്ള സുരക്ഷാ മുന്നൊരുക്കങ്ങള്‍ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് വിലയിരുത്തും. യു.പി. ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും ചീഫ് ജസ്റ്റിസ് വിളിച്ചുവരുത്തി. ഉച്ചയ്ക്ക് ചീഫ് ജസ്റ്റിസിന്റെ ചേംബറിലാണ് കൂടിക്കാഴ്ച. അയോദ്ധ്യയിലേക്ക് 4000 അർദ്ധസൈനികരെ കേന്ദ്രസർക്കാർ നിയോഗിച്ചിട്ടുണ്ട്. കൂടുതൽ സേനാംഗങ്ങളെ അടുത്തദിവസങ്ങളിൽ നിയമിക്കും. ക്രമസമാധാനം ഉറപ്പാക്കാൻ 12000 പൊലീസുകാരെ യു.പി സർക്കാർ സംസ്ഥാനത്ത് നിയോഗിച്ചിട്ടുണ്ട്.

അയോദ്ധ്യയിൽ ഡിസംബർ അവസാനം വരെ നിരോധനാ‌ജ്ഞ നിലവിലുണ്ട്. സമാധാനം ഉറപ്പാക്കാനായി കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്‌വി ആർ.എസ്.എസ്. നേതാക്കളുമായും മുസ്‌ലിം പുരോഹിതരുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. എ.ഡി.ജി.പി റാങ്കുള്ള ഉദ്യോഗസ്ഥനാണ് സുരക്ഷാചുമതല. പ്രശ്ന ബാധിത മേഖലകളില്‍ പൊലീസിനെ വിന്യസിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചു. അനാവശ്യവും നിരുത്തരവാദപരവുമായ പ്രസ്താവനകള്‍ നടത്തരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്രമന്ത്രിമാര്‍ക്കു കര്‍ശന നിര്‍ദേശം നല്‍കി.

Leave A Reply