നിലപാട് വ്യക്തമാക്കി രജനീകാന്ത്

ബിജെപിയില്‍ ചേരുമെന്ന പ്രചാരണം തള്ളി തെന്നിന്ത്യൻ സൂപ്പർസ്റ്റാർ രജനീകാന്ത് രംഗത്ത് വന്നിരിക്കുകയാണ്. ബിജെപിയുടെ കെണിയിൽ വീഴില്ലെന്നും തന്നെയും തിരുവള്ളുവരെയും ഒന്നും കാവിവല്‍ക്കരിക്കാനുള്ള ശ്രമം നടക്കില്ലെന്നും രജനീകാന്ത് പറഞ്ഞു. കവി തിരുവള്ളുവർ കാവി വസ്ത്രം അണിഞ്ഞുകൊണ്ടുള്ള ചിത്രം തമിഴ്നാട് ബിജെപി പ്രചരിപ്പിച്ചതിനു പിന്നാലെയാണ് പ്രസ്താവനയുമായി സൂപ്പർസ്റ്റാർ രംഗത്തെത്തിയത്.

തിരുവള്ളുവറിനെ കാവി പൂശുന്നത് ബിജെപി അജൻഡയാണ്. ഇതൊന്നും പ്രാധാന്യമുള്ള വിഷയമായി താൻ കരുതുന്നില്ല. ചർച്ച ചെയ്യേണ്ട ഒരുപാട് വിഷയങ്ങൾ ഇപ്പോൾ ഇവിടെയുണ്ട്. ബിജെപി പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിട്ടില്ല. തന്നെ ബിജെപിയുടെ അംഗമായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും രജനീകാന്ത് ചെന്നൈയില്‍ പറഞ്ഞു. ചെന്നൈയിൽ നടൻ കമല്‍ഹാസന്‍റെ നിര്‍മാണ കമ്പനിയുടെ പുതിയ ഓഫീസിന്‍റെ ഉദ്ഘാടന വേദിയിലായിരുന്നു രജനിയുടെ പരാമര്‍ശം. പൊന്‍ രാധാകൃഷ്ണന്‍ രജനിയെ ബിജെപിയിലേക്ക് ക്ഷണിച്ച പ്രസ്താവന മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു അദ്ദേഹം പ്രതികരിച്ചത്.

Leave A Reply