പ​ഞ്ച​ര​ത്ന​ങ്ങ​ളി​ൽ നാ​ലു പേർ​ക്ക് ഒ​രേ ദി​വ​സം താലിക്കെട്ട്

തിരുവനന്തപുരം:  പഞ്ചരത്നങ്ങളാണിവർ , ഒരുപാട് കാലം കാത്തിരുന്ന് ഒരമ്മയ്ക്ക് കിട്ടിയ രത്നങ്ങൾ . പോത്തൻ കോട് നന്നാട്ട്കാവിൽ പഞ്ചരത്നത്തിലെ പ്രേമകുമാറിന്റെയും , രമാദേവിയുടെയും മക്കളായ ഉത്ര , ഉത്രജ, ഉത്തര, ഉത്തമ എന്നിവരാണ് ഒരേദിവസം വിവാഹിതരാകുന്നത് . വിവാഹ ഒരുക്കങ്ങൾക്ക് ചുക്കാൻ പിടിക്കാൻ ഉത്രജൻ എന്ന സഹോദരനും ഉണ്ടാകും .

ഫാഷൻ ഡിസൈനറായ ഉത്രയ്ക്ക് മസ്കറ്റിൽ ഹോട്ടൽ മാനേജരായ ആയൂർ സ്വദേശി കെ.എസ്. അജിത്കുമാറാണ് വരൻ. കൊച്ചി അമൃത മെഡിക്കൽ കോളേജിൽ അനസ്തീഷ്യാ ടെക്നിഷ്യയായ ഉത്രജയെ ജീവിതസഖിയാക്കുന്നത് കുവൈത്തിൽ അനസ്തീഷ്യാ ടെക്നിഷ്യൻ പത്തനംതിട്ട സ്വദേശി ആകാശ്. ഓൺലൈൻ മാദ്ധ്യമപ്രവർത്തകയായ ഉത്തരയ്ക്ക് കോഴിക്കോട് സ്വദേശിയായ മാദ്ധ്യമപ്രവർത്തകൻ മഹേഷ് താലികെട്ടും. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ അനസ്തീഷ്യാ ടെക്നീഷ്യയായ ഉത്തമയ്ക്ക് മസ്കറ്റിൽ അക്കൗണ്ടന്റായ വട്ടിയൂർക്കാവ് സ്വദേശി വിനീത് താലിചാർത്തും. ഏപ്രിൽ അവസാനം ഗുരുവായൂർ അമ്പലത്തിൽ വച്ചാണ് വിവാഹം.

ഒരമ്മയുടെ ഒറ്റപ്രസവത്തിൽ ജനിച്ച അഞ്ചു കുഞ്ഞുങ്ങൾ കേരളക്കരയുടെ മനം കവർന്നിരുന്നു . പിന്നീടങ്ങോട്ട് അവരുടെ കുഞ്ഞൂണും , ആദ്യാക്ഷരം കുറിയ്ക്കലുമൊക്കെ മലയാളികൾ അറിയുന്നുണ്ടായിരുന്നു . എൽ കെ ജി മുതൽ പ്ലസ് ടുവരെ ഒരേ ക്ലാസിലായിരുന്നു പഠനം . മക്കൾക്ക് പത്ത് വയസ്സ് തികയുന്നതി മുൻപെ ഭർത്താവ് അപ്രതീക്ഷിതമായി വിടപറഞ്ഞത് രമാദേവിയെ ഏറെ തളർത്തി . എന്നാൽ അന്നും മലയാളികൾ അവരെ ചേർത്ത് നിർത്തി . ജില്ലാ സഹകരണ ബാങ്കിൽ ജോലി ലഭിച്ചതോടെ രമാദേവി ധൈര്യത്തോടെ ജീവിതം മുന്നോട്ട് കൊണ്ടു പോയി . എന്നാൽ ഇടയ്ക്ക് ഹൃദയാഘാതം വില്ലനായി എത്തി . പിന്നീട് പേസ്മേക്കറിന്റെ സഹായത്തോടെയായി ജീവിതം .

 

Leave A Reply