ശാന്തന്‍പാറ കൊലപാതകം: അന്വേഷണം വഴി തിരിക്കാന്‍ വസീം നടത്തിയത് ദൃശ്യം മോഡല്‍ നീക്കം

ഇടുക്കി: റിജോഷിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ വസീം തെളിവുകള്‍ നശിപ്പിക്കുന്നതിനും പിടിക്കപ്പെടാതിരിക്കാനും നടത്തിയത് ദൃശ്യം സിനിമയെ വെല്ലുന്ന നീക്കങ്ങളാണ്. കൊല നടത്തിയതിന് ശേഷം മൃതദേഹം മറ്റൊരിടത്ത് ഉപേക്ഷിച്ചാല്‍ പൊലീസ് അന്വേഷണം വേഗത്തില്‍ തന്നിലേക്ക് എത്തുമെന്നുറപ്പുള്ള വസീം നിർമാണത്തിലിരിക്കുന്ന മഴവെള്ള സംഭരണിയോട് ചേര്‍ന്നുള്ള കുഴിയില്‍ മൃതദേഹം ഉപേക്ഷിച്ച് കാണാത്ത വിധത്തില്‍ മണ്ണിട്ട് മൂടി. തുടര്‍ന്ന് ജെസിബി ഓപ്പറേറ്ററെ വിളിച്ച് കുഴിയില്‍ ചത്ത പശുവിനെ ഇട്ടിട്ടുണ്ടെന്നും കുറച്ച് മണ്ണ് മാത്രമേ ഇട്ടിട്ടുള്ളു ബാക്കി മണ്ണിട്ട് മൂടുവാനും ആവശ്യപ്പെട്ടു.

ഇടപെടലില്‍ അസ്വാഭാവികത തോന്നാത്തതിനാലും മൃതദേഹം കുഴിയില്‍ ഇട്ടതിന്‍റെ സാഹചര്യങ്ങള്‍ ഒന്നും മനസ്സിലാകാത്ത തരത്തിലായിരുന്നു വസീമിന്‍റെ നീക്കം. തുടര്‍ന്ന് തൃശൂരിലുള്ള സഹോദരനെ വിളിച്ച് റിജോഷിന്‍റെ ഭാര്യ ലിജിയുടെ ഫോണിലേക്ക് വിളിക്കാന്‍ ആവശ്യപ്പെട്ടു. അടുത്ത ദിവസം കോഴിക്കോട്ടുള്ള സഹോദരന്‍റെ സുഹൃത്തിന്‍റെ ഫോണില്‍ നിന്നും ലിജിയുടെ ഫോണിലേക്ക് കോളുകള്‍ വിളിപ്പിച്ചു.

അന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസ് ചോദിച്ചപ്പോള്‍ തെളിവായി ഈ കോളുകള്‍ കാണിച്ച് റിജോഷ് തൃശൂരിൽ നിന്നും കോഴിക്കോട്ട് നിന്നും തന്നെ വിളിച്ചിരുന്നതായി ലിജി തെറ്റിദ്ധരിപ്പിച്ചു. എന്നാല്‍, പൊലീസ് ഈ നമ്പറുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഒരാള്‍ വസീമിന്‍റെ സഹോദരനും ഒരാൾ സഹോദരന്‍റെ സുഹൃത്തുമാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ഇവരെ സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. എന്നാല്‍, കൊലപാതകവുമായി ബന്ധപ്പെട്ടുള്ള ഗൂഡാലോചനയില്‍ ഇവര്‍ക്കും പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുകയാണ്. സഹോദരനെയും സുഹൃത്തിനെയും പൊലീസ് ചോദ്യം ചെയ്ത സാഹചര്യത്തിലാണ് കഥ ക്ലൈമാക്‌സിൽ എത്തിച്ച് വസീം കുറ്റസമ്മതം നടത്തി വീഡിയോസന്ദേശം അയച്ചത്.

താന്‍ മാത്രമാണു പ്രതിയെന്നും അനിയനെയും കൂട്ടുകാരെയും വെറുതെ വിടണമെന്നും വസീം വീഡിയോയില്‍ പറയുന്നു. ഒളിവില്‍പ്പോയ വസീമിനും ലിജിക്കും വേണ്ടി പൊലീസ് തിരച്ചില്‍ നടത്തുന്നതിനിടെയാണ് വീഡിയോ സന്ദേശം എത്തിയത്. എന്നാല്‍ വസീം എവിടെയാണെന്നതിനെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. സഹോദരന്‍ വീഡിയോ പൊലീസിനു കൈമാറിയിട്ടുണ്ട്. തൃശ്ശൂര്‍ സ്വദേശിയാണ് വസീം. റിസോര്‍ട്ട് മാനേജര്‍ കൂടിയായ വസീമും ലിജിയും ചേര്‍ന്നാണ് റിജോഷിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് കരുതുന്നു. റിജോഷിനെ കൊലപ്പെടുത്തി വീടിന്റെ സമീപമുള്ള റിസോര്‍ട്ട് വളപ്പില്‍ത്തന്നെ ചാക്കില്‍ക്കെട്ടി കുഴിച്ചിടുകയായിരുന്നെന്നാണു നിഗമനം.

Leave A Reply