പട്ടിക ജാതി-പട്ടിക വർഗ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമം കുറയുന്നതായി കണക്കുകൾ

വയനാട്: പട്ടിക ജാതി-പട്ടിക വർഗ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകൾ വയനാട് ജില്ലയിൽ കുറഞ്ഞു വരുന്നതായി റിപ്പോർട്ട്. 2016-ൽ നൂറിലധികം കേസുകൾ രജിസ്റ്റർ ചെയ്ത ജില്ലയിൽ ഈ വർഷം 2019 ഒക്ടോബർ 31 വരെ ആകെ 54 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 37 കേസുകൾ പട്ടിക വർഗക്കാരുമായി ബന്ധപ്പെട്ടതും 17 കേസുകൾ പട്ടിക ജാതിക്കാർക്കെതിരെയുള്ള അതിക്രമ കേസുകളുമാണെന്ന് സ്‌പെഷ്യൽ മൊബൈൽ സ്‌ക്വാഡ് ഡിവൈ.എസ്.പി കെ.പി കുബേരൻ പറഞ്ഞു.

ഇതിൽ 33 കേസുകളിൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. അന്വേഷണത്തിൽ നാലു കേസുകൾ തെറ്റാണെന്നു കണ്ടെത്തി ഒഴിവാക്കി. ഒരു കേസിൽ വിധിയാവുകയും ചെയ്തിട്ടുണ്ട്. ജാതിപേര് വിളിച്ച് അധിക്ഷേപം, മർദ്ദനം, പോക്‌സോ തുടങ്ങിയ വകുപ്പുകളിലെ കേസുകളാണ് പ്രധാനമായും രജിസ്റ്റർ ചെയ്തത്. നിയമവശത്തെക്കുറിച്ചുള്ള ബോധവത്ക്കരണം ശക്തമായതും കേസുകളുടെ എണ്ണം കുറയാൻ കാരണമാകുന്നുണ്ടെന്നാണ് പൊതു വിലയിരുത്തൽ. കോടതിയിലെത്തുമ്പോഴേക്കും കേസുകൾ പരിഹരിക്കപ്പെടുന്ന അവസ്ഥയും ജില്ലയിലുണ്ട്.

പട്ടിക ജാതി-പട്ടിക വർഗ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമകേസുകളിൽ സമയബന്ധിതമായ നിയമോപദേശം നൽകാൻ ജില്ലാ കളക്ടർ എ.ആർ അജയകുമാർ സ്‌പെഷ്യൽ പബ്ലിക് പ്രൊസിക്യൂട്ടർ അഡ്വ. എം. ജോഷിക്ക് നിർദേശം നൽകി. അയൽ സംസ്ഥാനങ്ങളിൽ നിന്നും ജില്ലയിലെത്തിയ പട്ടിക ജാതി-പട്ടിക വർഗ വിഭാഗത്തിൽപ്പെട്ടവരുടെ ജാതിസർട്ടിഫിക്കറ്റ് വിഷയങ്ങളും കേസുകളെ ബാധിക്കുന്നുണ്ടെന്ന് എസ്.സി, എസ്.ടി വകുപ്പുകളും തഹസിൽദാർമാരും ശ്രദ്ധയിൽപ്പെടുത്തി. വിവിധ കേസുകളിലെ നഷ്ടപരിഹാര തുകയുമായി ബന്ധപ്പെട്ട കാര്യങ്ങളും കളക്ടറുടെ ചേമ്പറിൽ ചേർന്ന യോഗം ചർച്ച ചെയ്തു.

അതിക്രമ കേസുകൾ:
(വർഷം,കേസുകളുടെ എണ്ണം)
2016 – 102
2017 – 60
2018 – 77
2019 – 48

Leave A Reply