സാമ്പത്തിക വര്‍ഷത്തിന്‍റെ രണ്ടാം പാദത്തില്‍ സ്ഥിരതയാര്‍ന്ന പ്രവര്‍ത്തനഫലവുമായി മുത്തൂറ്റ് കാപിറ്റൽ സർവീസസ്

  • പ്രതികൂല സാഹചര്യങ്ങൾക്കിടയിലും തുടര്‍ച്ചയായ മികച്ച വളർച്ച കൈവരിക്കാനായി
    സാമ്പത്തിക വര്‍ഷത്തിന്‍റെ രണ്ടാം പാദത്തില്‍ 14 കോടിയുടെ അറ്റലാഭം; സെപ്തംബര്‍ 30ന് അവസാനിച്ച പാദത്തിലെ ലാഭത്തേക്കാള്‍ 34.6 ശതമാനത്തിന്‍റെ കുറവ്.
  • കമ്പനി കൈകാര്യം ചെയ്യുന്ന ആകെ ആസ്തിമൂല്യം 10.7 ശതമാനം വര്‍ധിച്ച് 2779.3 കോടിയായി ഇക്വിറ്റി റിട്ടേണ്‍‌ 12 ശതമാനവും ആസ്തി റിട്ടേണ്‍ 2.2 ശതമാനവുമായി

കൊച്ചി: മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ ഉടമസ്ഥതയിൽ ഉള്ള രാജ്യത്തെ ഏറ്റവുമധികം വളർച്ചയുള്ള ബാങ്കിതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് കാപിറ്റൽ സർവീസ് കഴിഞ്ഞ സെപ്തംബര്‍ 30ന് അവസാനിച്ച സാമ്പത്തിക വർഷത്തിലെ പ്രവർത്തന ഫലം പുറത്തുവിട്ടു. 14 കോടി രൂപയാണ് ഇക്കാലയളവിലെ കമ്പനിയുടെ ലാഭം.തൊട്ടുമുന്‍ പാദത്തില്‍ 21.4 കോടിയായിരുന്നു ലാഭം.

ഡയറക്ടർ ബോർഡ് അംഗീകരിച്ച പ്രവർത്തനഫല പ്രകാരം അവസാന പാദത്തിലെ വരുമാനം 145 കോടിയായി. 463.2 കോടി രൂപയുടെ ഇരുചക്ര വാഹന വായ്പ ഇക്കാലയളവില്‍ കമ്പനി വിതരണം ചെയ്തു. കമ്പനി കൈകാര്യം ചെയ്യുന്ന ആസ്തി 2779.3 കോടിയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ കമ്പനി 541.8 കോടി രൂപയുടെ വായ്പ നല്‍കുകയും കൈകാര്യം ചെയ്യുന്ന ആസ്തി മൂല്യം 2511.5 കോടിയാവുകയും ചെയ്തിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 132.1 കോടിയായിരുന്നു കമ്പനിയുടെ ആകെ വരുമാനം.

”മൊത്ത ആഭ്യന്തര ഉല്‍പാദനത്തിലെ വ്യതിയാനങ്ങളും ഉപഭോക്തൃ ഡിമാന്‍റ് സംബന്ധിച്ച അഭ്യൂഹങ്ങളും പണലഭ്യത കൂട്ടുന്നതിന് കേന്ദ്ര സര്‍‌ക്കാര്‍ നടപ്പാക്കിയ പദ്ധതികളും കാരണം സമ്പദ്‍വ്യവസ്ഥയിലാകെ സംഭവബഹുലമായ ദിനങ്ങളാണ് കഴിഞ്ഞുപോയത്. ഇത് കൂടാതെ വാഹന വില്‍പനയിലെ കുറവും മണ്‍സൂണ്‍ ലഭ്യതയിലെ പ്രശ്നങ്ങളും കേരളം ,മാഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളിലെ വെളളപ്പൊക്കവും വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. വില്‍പനയിലെ കനത്ത ഇടിവ് മൂലമുളള പ്രതിസന്ധി നേരിടുകയാണ് വാഹന മേഖല. സര്‍ക്കാര്‍ കൈക്കൊണ്ട പ്രതിവിധികള്‍ പ്രശ്നപരിഹാരത്തിന് സഹായിക്കുമെന്നാണ് പ്രതീക്ഷ. പണലഭ്യതയ്ക്കുളള ചിലവില്‍ വലിയ മാറ്റങ്ങളില്ലെങ്കിലും ബാങ്കുകളില്‍ നിന്ന് പണം ലഭിക്കുക എന്നത് താമസമേറിയ പ്രക്രിയായി മാറിയിരിക്കുകയാണ്. ഞങ്ങള്‍ മുത്തൂറ്റ് കാപിറ്റൽ സർവീസസ് ലാഭക്ഷമതയിലും തുടര്‍ച്ചയായ ബിസിനസ് വളര്‍ച്ചയിലും പുതിയ പ്രദേശങ്ങളിലേക്ക് പ്രവര്‍ത്തനം വിപുലീകരിക്കാന്‍ ഉളള നടപടികള്‍ തുടരാന്‍ കഴിയുന്നതിലും ഏറെ സന്തോഷിക്കുന്നു.അതീവ ശ്രദ്ധയോടെയാണ് ഞങ്ങള്‍ വായ്പ നല്‍കുന്നത്.പല സ്ഥാപനങ്ങളും വിപണിയില്‍ നിന്ന് പിന്‍വലിയുമ്പോഴും കിട്ടാക്കടത്തിനുളള സാധ്യത പരമാവധി കുറച്ച് വായ്പ ലഭ്യമാക്കുകയാണ് ഞങ്ങള്‍.ഓണം സീസണില്‍ കേരളത്തിലെ വിപണിയില്‍ ഉണര്‍വ് ദൃശ്യമായിരുന്നു. ഈ ഉല്‍സവ സീസണിലും ആ ഒരു മുന്നേറ്റം ഞങ്ങള്‍ പ്രതീക്ഷിക്കുന്നു”. – മുത്തൂറ്റ് കാപിറ്റൽ എംഡി തോമസ് ജോർജ് മുത്തൂറ്റ് പറഞ്ഞു

”കടുത്ത സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ക്കിടയിലും മികച്ച ബിസിനസിലൂടെയും കരുത്തുറ്റ അടിത്തറയിലൂടെയും സ്ഥിരത തുടരുന്നതിന് മുത്തൂറ്റ് കാപിറ്റൽ സർവീസസിന് സാധിക്കുന്നുണ്ട്. ബിസിനസ് പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ മാത്രമല്ല, മികച്ച രീതിയില്‍ പോര്‍ട്ട്ഫോളിയോ കൈകാര്യം ചെയ്യുന്നതിന്‍റെ അടിസ്ഥാനത്തിലും സ്ഥിരത തുടരുകയാണ്. യൂസ്ഡ് കാര്‍ ബിസിനസ് കേരളത്തിന് പുറമേ മറ്റ് ദക്ഷിണേന്ത്യന്‍ പട്ടണങ്ങളിലേക്കും മുംബൈയിലേക്കും വ്യാപിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്. മുത്തൂറ്റ് കാപിറ്റൽ സർവീസസിന് നിലവില്‍ 16 സ്ഥലങ്ങളില്‍ സാന്നിധ്യമുണ്ട്. ഈ വര്‍ഷം അവസാനമാകുമ്പോഴേക്കും ദക്ഷിണ – കിഴക്കന്‍ മേഖലകളിലേക്ക് കൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ സാധിക്കും. ഉപഭോക്തൃ ഉല്‍പ്പന്ന വിപണിയിലേക്ക് പ്രവേശിക്കുന്നതിനുളള ഞങ്ങളുടെ സ്വപ്ന പദ്ധതിയുടെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്. മുത്തൂറ്റ് ബ്ലൂ ഗ്രൂപ്പിന്‍റെ ഭാഗമെന്ന നിലയ്ക്ക് സാധാരണക്കാരുടെ ആഗ്രഹം നിറവേറ്റുന്നതിനുളള പ്രവര്‍ത്തനങ്ങളില്‍ മുത്തൂറ്റ് കാപിറ്റൽ സർവീസസ് തുടര്‍ന്നും ശ്രദ്ധ കേന്ദ്രീകരിക്കും.” – മുത്തൂറ്റ് കാപിറ്റൽ സർവീസസ് സിഒ മധു അലക്‌സ്യൂസ് പറഞ്ഞു.

”കൈകാര്യം ചെയ്യുന്ന ആസ്തിയുടെ 35 ശതമാനവും സംഭാവന ചെയ്യുന്ന കേരളത്തില്‍ ഓണം സീസണ്‍ ആയതിനാല്‍ ഈ സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദം ഞങ്ങളെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകമായിരുന്നു. വെളളപ്പൊക്കമായിരുന്നിട്ട് കൂടി ഭാഗ്യവശാല്‍ മെച്ചപ്പെട്ട പ്രതികരണമാണ് കേരളത്തില്‍ നിന്ന് ലഭിച്ചത്. ദീപാവലി, ക്രിസ്മസ് ആഘോഷങ്ങള്‍ അടക്കം ഉല്‍സവ സീസണ്‍ തുടരുകയാണ്. മുത്തൂറ്റ് കാപിറ്റൽ സർവീസസിനെ സംബന്ധിച്ചിടത്തോളം വളര്‍ച്ചയുടെ തുടര്‍ച്ചയാണ് വരും നാളുകളിലും പ്രതീക്ഷിക്കുന്നത്. പണലഭ്യത മികച്ചതായിരുന്നതിന് പുറമേ ബാങ്കുകളും മറ്റ് വായ്പാദാതാക്കളും മികച്ച പിന്തുണയാണ് നല്‍കിയത്. ബാങ്കുകളും മറ്റ് നിക്ഷേപകരും കമ്പനിയുടെ നിക്ഷേപ സമാഹരണത്തിലും താല്‍പര്യം പ്രകടിപ്പിച്ചു. ഓഹരിയാക്കി മാറ്റാനാകാത്ത കടപത്രങ്ങളിലൂടെ 200 കോടി രൂപ സമാഹരിക്കാനുളള നടപടികള്‍ നിക്ഷേപകരുമായി ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്”. – മുത്തൂറ്റ് കാപിറ്റൽ സർവീസസ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ വിനോദ് പണിക്കര്‍ പറഞ്ഞു.

Leave A Reply