മഞ്ജുവിന്റെ പരാതി; ഡിജിപിയുടെ കീഴിലുള്ള സ്‌പെഷ്യല്‍ സെല്‍ പരിശോധിക്കും; ശ്രീകുമാര്‍ മേനോന്റെ മൊഴിയെടുക്കും

തിരുവനന്തപുരം: സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ മഞ്ജു വാര്യര്‍ നല്‍കിയ പരാതി പരിശോധിക്കാന്‍ ഡിജിപി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശം നല്‍കി. ഡിജിപിയുടെ കീഴിലുള്ള സ്‌പെഷ്യല്‍ സെല്ലായിരിക്കും പരാതി പരിശോധിക്കുന്നത്. മഞ്ജു വാര്യര്‍ നല്‍കിയ പരാതി കിട്ടിയിട്ടുണ്ടെന്ന് ഡിജിപി മാധ്യമങ്ങളോട് ഉറപ്പു വരുത്തി. എന്നാല്‍ പരാതിയില്‍ നിയമനടപടികള്‍ സ്വീകരിക്കാന്‍ നിയമോപദേശകനുമായി ചര്‍ച്ച നടത്തണമെന്നും ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. ഡിജിപിയ്ക്കു കീഴിലെ സ്‌പെഷ്യല്‍ സെല്‍ ഈ പരാതി ആദ്യം പരിശോധിക്കുമെന്നും പരാതി പഠിച്ച് വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം അറിയിച്ചു.

പോലീസ് ആസ്ഥാനത്തെ ഡിവൈഎസ്പി രാജ്കുമാറിന്‍റെ നേതൃത്വത്തിൽ സിഐ പ്രകാശാണ് പരാതി അന്വേഷിക്കുന്നത്. അന്വേഷണ സംഘം ശ്രീകുമാർ മേനോന്‍റെ മൊഴി രേഖപ്പെടുത്തും. മഞ്ജുവിന്റെ പരാതിയിൽ പരാമർശിക്കുന്ന ശ്രീകുമാർ മേനോന്‍റെ സുഹൃത്തിന്‍റെ മൊഴിയും രേഖപ്പെടുത്തും.

മഞ്ജു വാര്യര്‍ കഴിഞ്ഞ ദിവസം നേരിട്ടെത്തിയാണ് ഡിജിപിയ്ക്ക് പരാതി നല്‍കിയത്. ശ്രീകുമാര്‍ മേനോന്‍ തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നു എന്നാണ് മഞ്ജുവിന്റെ പരാതി. എന്നാല്‍ മഞ്ജു വാര്യര്‍ നല്‍കിയ പരാതിയെ സംബന്ധിച്ച് മാധ്യമ വാര്‍ത്തകളിലൂടെയാണ് താന്‍ അറിഞ്ഞതെന്നും ശ്രീകുമാര്‍ മേനോന്‍ പ്രതികരിച്ചു.

Leave A Reply