പറന്നുയരുന്നതിനിടെ ടയര്‍ പൊട്ടി; വാരണാസി-അഹമ്മദാബാദ് വിമാനം അടിയന്തിരമായി നിലത്തിറക്കി

അഹമ്മദാബാദ് : 77 ഓളം യാത്രക്കാരുമായി പോയ വാരണാസി-അഹമ്മദാബാദ് വിമാനം ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് അടിയന്തിരമായി ലാന്‍ഡ് ചെയ്തു. വാരണാസി വിമാനത്താവളത്തില്‍ നിന്ന് പറന്നുയരുന്നതിനിടെ വിമാനത്തിന്റെ ടയർ പൊട്ടിത്തെറിക്കുകയും തുടര്‍ന്ന് വിമാനം അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ ഇന്റർനാഷണൽ വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിംഗ് നടത്തുകയായിരുന്നു.

കുറഞ്ഞ ചെലവിലുള്ള വിമാന സര്‍വീസായ സ്‌പൈസ് ജെറ്റിന്റെ എസ്‌ജി -972 വിമാനത്തിന്റെ ടയറാണ് പൊട്ടിത്തെറിച്ചത്. തിങ്കളാഴ്ച  രാവിലെ 9.10 ന് വാരണാസിയിലെ ലാൽ ബഹാദൂർ ശാസ്ത്രി വിമാനത്താവളത്തിൽ നിന്ന് ബോയിംഗ് ബി 737 വിമാനം പറന്നുയര്‍ന്ന ശേഷം റൺവേയിൽ നിന്ന് കണ്ടെത്തിയ ഒരു ടയറിനെക്കുറിച്ച് എടിസി വാരണാസി പൈലറ്റിനെ അറിയിച്ചു. എന്നാല്‍ അസാധാരണതകളൊന്നും കാണാത്തതിനാൽ വിമാനം ലക്ഷ്യസ്ഥാനത്തേക്ക് യാത്ര തുടർന്നു. താമസിയാതെ, അടിയന്തര ലാൻഡിംഗിന്റെ ആവശ്യകതയെക്കുറിച്ച് എസ്‌വി‌പി‌ഐ വിമാനത്താവള അധികൃതരെ അറിയിച്ചു. തിങ്കളാഴ്ച രാവിലെ 11.04 നാണ് വിമാനം അഹമ്മദാബാദ് വിമാനത്താവളത്തിന് മുകളിലെത്തിയത്. തുടര്‍ന്ന് വിമാനത്താവള അധികൃതര്‍ അടിയന്തിര ലാന്‍ഡിംഗിന് വേണ്ടിയുള്ള നടപടിക്രമങ്ങൾ പാലിക്കുകയും ലാൻഡിംഗിന് വേണ്ട എല്ലാ മുൻകരുതലുകളും ഏർപ്പെടുത്തുകയും ചെയ്തു. വിമാനം സുരക്ഷിതമായി നിലത്തിറക്കി. തുടര്‍ന്ന് നടത്തിയ പരോശോധനയ്ക്കിടെ പ്രധാന ചക്രങ്ങളിലെ മൂന്നാം നമ്പര്‍ ടയര്‍ പൊട്ടിയതായി കണ്ടെത്തി.

Leave A Reply