പെഹ്ലു ഖാൻ കേസ്: വിധിക്കെതിരേ രാജസ്ഥാൻ സർക്കാർ ഹൈക്കോടതിയെ സമീപിച്ചു

ജയ്പൂര്‍:  പശുക്കടത്ത് ആരോപിച്ച് രാജസ്ഥാനില്‍ ആള്‍ക്കൂട്ടാക്രമണത്തില്‍ പെഹ്ലു ഖാന്‍ കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരെ രാജസ്ഥാന്‍ സര്‍ക്കാര്‍ കോടതിയില്‍ ഹര്‍ജി സമർപ്പിച്ചു . 2017 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത് . പശുക്കടത്ത് ആരോപിച്ച് പെഹ്ലു ഖാനെ ആള്‍ക്കൂട്ടം ക്രൂരമായി മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു . സംഭവുമായി ബന്ധപ്പെട്ട് ആറുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത് . എന്നാല്‍ ആല്‍വാര്‍ കോടതി പ്രതികളെ വെറുതെ വിടുകയായിരുന്നു.

ആല്‍വാര്‍ കോടതിയുടെ വിധിക്കെതിരെ രാജസ്ഥാൻ സർക്കാർ ഇപ്പോൾ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് . ഗോ സംരക്ഷകരെന്ന പേരിലെത്തിയ ഒരു സംഘം ആളുകളാണ് പെഹ്ലു ഖാനെ ആക്രമിതച്ചത്. ആക്രമണത്തില്‍ ഇയാള്‍ക്ക് ഗുരുതരമായി പരുക്കേറ്റ ക്ഷീരകര്‍ഷകനായ പെഹ്ലു ഖാന്‍ ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്നതിനിടയാണ് മരിച്ചത് .

പെഹ്‍ലു ഖാനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പടെ പുറത്തുവന്നിട്ടും സംശയത്തിന്‍റെ ആനുകൂല്യം നല്‍കി പ്രതികളെ കോടതി വെറുതെ വിടുകയാണ് ചെയ്തതെന്ന് സർക്കാർ ആരോപിച്ചു . കേസ് വീണ്ടും അന്വേഷിക്കണമെന്നും അതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Leave A Reply