നെയ്യാറ്റിൻകരയിൽ അഞ്ചാം ക്ലാസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച അച്ഛൻ അറസ്റ്റിൽ

നെയ്യാറ്റിൻകര: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ അഞ്ചാംക്ലാസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച അച്ഛനെ പൊലീസ് അറസ്റ്റു ചെയ്തു. പോക്സോ നിയമപ്രകാരമാണ് അച്ഛനെതിരെ കേസെടുത്തിരിക്കുന്നത്. മാസങ്ങളോളം വിവരം ആരോടും പറയാനാകാതിരുന്ന കുട്ടി ഒടുവിൽ സ്കൂളധികൃതരോടാണ് അച്ഛന്‍റെ പീഡനം തുറന്നു പറഞ്ഞത്.

അച്ഛന്‍റെ സുഹൃത്തുക്കളടക്കം കുട്ടിയെ പീഡിപ്പിച്ചിരുന്നുവെന്നാണ് വിവരം. ഇതാരാണെന്ന് പറയാൻ പോലും കുട്ടിയ്ക്ക് അറിയില്ല. കുട്ടി പറയുന്ന സൂചനകൾ അനുസരിച്ച് അച്ഛന്‍റെ സുഹൃത്തുക്കളെയും പൊലീസ് അന്വേഷിക്കുന്നുണ്ട്.

സംസാരശേഷിയും കേൾവിശേഷിയുമില്ലാത്ത കുട്ടിയുടെ അമ്മയെയും അച്ഛൻ നിരന്തരം ഉപദ്രവിച്ചിരുന്നു. അടിക്കുകയും ഉപദ്രവിക്കുകയും ചെയ്തിരുന്നുവെന്നും, പ്രതികരിച്ചാൽ കൂടുതൽ ഉപദ്രവിക്കുമായിരുന്നെന്നും കുട്ടി മൊഴി നൽകിയിട്ടുണ്ട്.

പലപ്പോഴും കുട്ടി വീട്ടിൽ നിന്ന് കത്തിയും മറ്റുമെടുത്ത് പുറത്തേക്ക് ഓടുമായിരുന്നെന്നും, ‘എനിക്കാരുമില്ലെ’ന്ന് അലറിക്കരയാറുണ്ടെന്നും കുട്ടിയുടെ ബന്ധു പറയുന്നു. സ്കൂളിലും ആരോടും ഒന്നും മിണ്ടാതെ കുട്ടി മാറിയിരിക്കുമായിരുന്നു. പലപ്പോഴും കരയുമായിരുന്നു. ഇത് കണ്ട അധ്യാപകരാണ് കുട്ടിയോട് കാര്യങ്ങൾ ആരാഞ്ഞത്. അച്ഛൻ ഉപദ്രവിക്കുന്ന വിവരം കുട്ടി അധ്യാപകരോട് തുറന്നു പറയുകയും അവർ ശിശുക്ഷേമസമിതിയെ വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അച്ഛനെ വൈകിട്ടോടെയാണ് അറസ്റ്റ് ചെയ്യുന്നത്.

Leave A Reply