ലോകം അവസാനിക്കുമെന്ന് പേടി; 9 വര്‍ഷത്തോളം പിതാവ്, 6 മക്കളെ നിലവറയില്‍ പൂട്ടിയിട്ടു

ഹോളണ്ട്: ഒമ്പത് വര്‍ഷത്തോളം തന്റെ ആറു മക്കളെ നിലവറയില്‍ പൂട്ടിയിട്ടു ഒരു പിതാവ്. ലോക അവസാനത്തെ പേടിച്ചാണ് പിതാവ് മക്കളെ നിലവറയില്‍ പൂട്ടിയിട്ടത്. ഹോളണ്ടിലെ ഡെന്ത്ര പ്രവിശ്യയിൽ റുയീനര്‍വോള്‍ഡ് എന്ന ഗ്രാമത്തിലെ ഒരു ഫാം ഹൗസിലായിരുന്നു സംഭവം. ലോക അവസാനം അടുക്കാറായെന്ന് തോന്നിയ പിതാവ് തന്റെ മക്കളോടൊപ്പം ഫാം ഹൗസിന്റെ നിലവറയില്‍ എത്തുകയും മക്കളെ അവിടെ പൂട്ടിയിടുകയുമായിരുന്നു.

16 മുതല്‍ 25 വയസ് വരെ പ്രായമുള്ള മക്കളുടെ കാര്യവും ഫാം ഹൗസിന്റെ കാര്യങ്ങളും നോക്കാന്‍ പിതാവ് ഒരു ജീവനക്കാരനെയും നിയമിച്ചു. ഫാം ഹൗസിലെ പച്ചക്കറിയും മൃഗങ്ങളെ വളര്‍ത്തലില്‍ നിന്നു കിട്ടിയിരുന്ന പാലും കഴിച്ചായിരുന്നു കുട്ടികള്‍ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ഒരു ദിവസം ഫാം ഹൗസിലെ കാവല്‍ക്കാരന്റെ കണ്ണ് വെട്ടിച്ച് 25കാരനായ മൂത്ത മകൻ രക്ഷപ്പെട്ടു.

രക്ഷപ്പെട്ട് ഓടിയ ഇയാൾ ഒരു ബാറിലേക്കാണ് ഓടിക്കയറിയത്. ബിയര്‍ വേണമെന്ന് ആവശ്യപ്പെട്ട ഇയാള്‍ തന്റെ സഹോദരങ്ങളെ പൂട്ടിയിട്ടിരിക്കുകയാണെന്നും രക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. ഇത്രയും കൊല്ലം പൂട്ടിയിട്ടിരുന്നതിനാല്‍ പ്രാകൃത രൂപത്തിലായിരുന്നു ഇയാൾ. കുട്ടികള്‍ക്ക് വിദ്യാഭ്യാസവും ലഭിച്ചിരുന്നില്ല. യുവാവ് പറഞ്ഞതനുസരിച്ച് ബാര്‍ ജീവനക്കാര്‍ ഉടന്‍ തന്നെ വിവരം പോലീസിനെ അറിയിച്ചു.

ഓര്‍മ്മ വെച്ച നാള്‍ മുതല്‍ പിതാവിനെ മാത്രമാണ് കാണുന്നതെന്നും അമ്മ ആരാണെന്ന് അറിയില്ലെന്നും മക്കള്‍ പറഞ്ഞു. ഒറ്റനോട്ടത്തില്‍ ആര്‍ക്കും കാണാന്‍ സാധിക്കാത്ത രീതിയില്‍ ഒരു അലമാരയ്ക്കുള്ളിലൂടെയുള്ള വഴിയിലാണ് മക്കളെ പാർപ്പിച്ചിരുന്ന രഹസ്യ നിലവറയിലേക്കുണ്ടായിരുന്ന ഗോവണി. പൊലീസെത്തി ഇവരെ മോചിപ്പിച്ചു. തുടർന്ന് കാവല്‍ക്കാരനെ അറസ്റ്റ് ചെയ്തു.

ഡ്രെന്തെ പ്രവിശ്യയിലെ ജനസാന്ദ്രത കുറഞ്ഞ ഗ്രാമമാണ് റുയീനര്‍വോള്‍ഡ്. ഫാം ഹൗസ് പലരും കണ്ടിട്ടുണ്ടെങ്കിലും അവിടെ ആരെങ്കിലും താമസമുണ്ടെന്ന് അറിയില്ലായിരുന്നുവെന്ന് സമീപവാസികള്‍ പറഞ്ഞു. ഇടയ്ക്ക് ഗൃഹനാഥനെ കാണാറുണ്ടെങ്കിലും മക്കളുണ്ടെന്ന് അറിയില്ലായിരുന്നുവെന്നും ഇവര്‍ വ്യക്തമാക്കി. കുട്ടികളുടെ പിതാവിനെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ് ഇപ്പോൾ.

Leave A Reply