ലോകത്തെ 82 കോടി ജനങ്ങൾ പട്ടിണിയിൽ , പാഴാകുന്നത് 100 കോടി ടൺ ഭക്ഷണം : ഐക്യരാഷ്ട്ര സഭ

ന്യൂയോർക്ക്:  ലോകത്ത് 82 കോടി ജനങ്ങൾ ഭക്ഷ്യക്ഷാമം അനുഭവിക്കുന്നവരാണെന്ന് ഐക്യരാഷ്ട്ര സഭ ജനറൽ സെക്രട്ടറി അന്‍റോണിയോ ഗുട്ടെറസ് . അതേസമയം, 100 കോടി ടൺ ഭക്ഷണം പ്രതിവർഷം പാഴാകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി .

ലോക ഭക്ഷ്യദിനമായ ഒക്ടോബർ 16ന് നൽകിയ സന്ദേശത്തിലാണ് അന്‍റോണിയോ ഗുട്ടെറസ് ലോകത്തെ ഭക്ഷ്യ അസന്തുലിതാവസ്ഥയിൽ ആശങ്കയറിയിച്ചത്. പട്ടിണിയിലാകുന്ന ജനങ്ങളുടെ എണ്ണം അനുദിനം വർധിക്കുകയും ഇത്രയേറെ ഭക്ഷണം പാഴാകുകയും ചെയ്യുന്ന സാഹചര്യം അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു .

“ലോകത്ത് 200 കോടി പേർ പൊണ്ണത്തടിയും അമിതഭാരവും നേരിടുകയാണ്. ആരോഗ്യകരമല്ലാത്ത ഭക്ഷണശീലങ്ങൾ അസുഖങ്ങൾക്ക് കാരണമാവുന്നു. ഇവയിൽ നിന്ന് മാറ്റങ്ങൾക്കുള്ള സമയമാണിത് .  ‘എല്ലാവർക്കും എവിടെയും പോഷകാഹാരം ലഭ്യമാകുന്ന ലോകം’ എന്നതാണ് ഭക്ഷ്യദിനാചരണം ലക്ഷ്യമിടുന്നത്. വിശപ്പ് രഹിതമായ ഒരു ലോകം അനിവാര്യതയാണെന്നും’ അന്‍റോണിയോ ഗുട്ടെറസ് കൂട്ടിച്ചേർത്തു .

ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ കാർഷിക സംഘടനയുടെ (എഫ്.എ.ഒ) റിപ്പോർട്ട് പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ പോഷകാഹാര ദൗർലഭ്യമുള്ള രാജ്യം ഇന്ത്യയാണ്. 19.44 കോടി ജനങ്ങളാണ് ഇന്ത്യയിൽ പട്ടിണി നേരിടുന്നത്.

Leave A Reply