മോട്ടോര്‍സൈക്കിള്‍ ഷോറൂം കുത്തിത്തുറന്ന് ബുള്ളറ്റ് ബൈക്കും പണവും മോഷ്ടിച്ച കേസ്: പ്രതി പിടിയില്‍

കോഴിക്കോട്: മോട്ടോര്‍സൈക്കിള്‍ ഷോറൂം കുത്തി തുറന്ന് ബുള്ളറ്റ് മോഷ്ടിച്ച പ്രതി പിടിയില്‍. നൗഫല്‍ എന്ന യുവാവാണ് കുറ്റിപ്പുറം റെയില്‍വെ പരിസരത്ത് നിന്നും പൊലീസ് പിടിയിലായിരിക്കുന്നത്. ഫ്രാന്‍സിസ് റോഡിലുള്ള ഷോറൂം കുത്തിത്തുറന്ന് ബുള്ളറ്റും ഒന്നര ലക്ഷം രൂപയും ഷൂസും ജാക്കറ്റുമാണ് ഇയാള്‍ കവര്‍ന്നത്.

ടൗണ്‍ സി ഐ ഉമേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.  കഴിഞ്ഞ ഒക്ടോബറിലാണ് മോട്ടോര്‍ സൈക്കിള്‍ ഷോറൂമില്‍ മോഷണം നടന്നത്. സംഭവത്തിനു ശേഷം സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് പ്രതിയെ തിരിച്ചറിഞ്ഞിരുന്നു. പെരിന്തല്‍മണ്ണയിലെ ബുള്ളറ്റ് ഷോറൂമിലും പ്രതി സമാനമായ രീതിയില്‍ മോഷണം നടത്തിയിരുന്നുവെന്നും മനസിലാക്കി. നിരവധി കേസുകളില്‍ പ്രതിയായ ഇയാള്‍ പരപ്പനങ്ങാടി ജയിലില്‍ നിന്നിറങ്ങിയ ശേഷമാണ് മോഷണം നടത്തിയത്.

പ്രതി കുറ്റിപ്പുറത്തിന് സമീപം എത്തിയതായി അതീവ രഹസ്യമായി നടത്തിയ അന്വേഷണത്തിനൊടുവില്‍ പോലീസിന് വിവരം ലഭിച്ചു. വിശദമായി ചോദ്യം ചെയ്തപ്പോള്‍ ബുള്ളറ്റ് വച്ചസ്ഥലം പ്രതി പോലീസിന് കാട്ടിക്കൊടുത്തു.

Leave A Reply