മറ്റു രാജ്യങ്ങൾ അഭിപ്രായം പറയേണ്ട; ജമ്മുകാശ്‌മീർ ആഭ്യന്തര വിഷയമെന്ന് ആവർത്തിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ നിലപാട് കടുപ്പിച്ച് ഇന്ത്യ. പാകിസ്ഥാനും ചൈനയും നടത്തിയ ചര്‍ച്ചയില്‍ കശ്മീര്‍ വിഷയമാക്കിയ സാഹചര്യത്തിലാണ് ഇന്ത്യയുടെ പ്രതികരണം. കശ്മീര്‍ വിഷയം ബീജിംഗ് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളില്‍ മറ്റ് രാജ്യങ്ങളള്‍ ഇടപെടേണ്ടെന്ന താക്കീതുമായി വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്.

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് നടത്തിയ ചര്‍ച്ചയെക്കുറിച്ച് ഒരു ചൈനീസ് മാദ്ധ്യമത്തില്‍ വന്ന റിപ്പോര്‍ട്ടിലാണ് കശ്മീര്‍ വിഷയം ചൈന സൂക്ഷമമായി നിരീക്ഷിക്കുകയാണെന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇരു രാജ്യങ്ങളും സമാധാനപരമായി ചര്‍ച്ച ചെയ്ത് കശ്മീര്‍ വിഷയം പരിഹരിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യ സ്വരം കടുപ്പിച്ചിരിക്കുന്നത്.

‘ഇമ്രാന്‍ ഖാനുമായി ഷി ജിന്‍പിങ് നടത്തിയ കൂടിക്കാഴ്ച സംബന്ധിച്ച റിപ്പോര്‍ട്ട് ഞങ്ങള്‍ കണ്ടു. റിപ്പോര്‍ട്ടില്‍ കശ്മീരിനെക്കുറിച്ചുള്ള ചര്‍ച്ചകളെപ്പറ്റി സൂചിപ്പിക്കുന്നുണ്ട്. ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന ഇന്ത്യയുടെ നിലപാട് വ്യക്തമാണ്. ചൈനയ്ക്ക് ഇന്ത്യയുടെ നിലപാടിനെക്കുറിച്ച് നന്നായി അറിയാം. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളെക്കുറിച്ച് മറ്റ് രാജ്യങ്ങള്‍ക്ക് അഭിപ്രായം പറയാന്‍ അവകാശമില്ല’. വിദേശകാര്യ  വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.

.

Leave A Reply