ബസ് സ്റ്റാൻഡിൽ അമ്മയ്ക്കൊപ്പം കിടന്നുറങ്ങിയ കുഞ്ഞിനെ തട്ടിക്കൊണ്ടു പോയി

മൊറാദാബാദ്: ബസ് സ്റ്റാൻഡിൽ അമ്മയ്ക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന എട്ടുമാസം പ്രായമുളള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി. കുഞ്ഞിനെ ബസ്സ് സ്റ്റാന്‍ഡില്‍ നിന്ന് തട്ടിക്കൊണ്ടു പോകുന്ന പുരുഷന്റെയും സ്ത്രീയുടേയും തെളിവുകള്‍ പോലീസിന് ലഭിച്ചു. സിസിടിവി ദൃശ്യങ്ങളിലാണ് ഉറങ്ങിക്കിടന്ന കുഞ്ഞിനെ എടുക്കുന്ന ദൃശ്യം ലഭിച്ചത്. തിങ്കളാഴ്ചയാണ് കുഞ്ഞിനെ കാണാനില്ലെന്ന പരാതി പോലീസിന് ലഭിച്ചത്. ഉത്തര്‍പ്രദേശിലെ മൊറാദാബാദിലാണ് സംഭവം. പ്രതികളെകുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതായി പോലീസ് പറഞ്ഞു.

ബസ്സ്‌സ്റ്റാന്‍ഡില്‍ കുഞ്ഞിന്റെ അമ്മ റാണിയുമായി ഏറെ നേരം സംസാരിച്ചു കൊണ്ടിരുന്ന അജ്ഞാത യുവതി ആദ്യം സൗഹൃദം സ്ഥാപിച്ച ശേഷമാണ് കൃത്യം നടത്തിയിരിക്കുന്നത്. കുഞ്ഞിനെ കാണാതായതോടെ ബസ്സ്‌സ്റ്റാന്‍ഡിന്റെ പരിസര പ്രദേശങ്ങളിലെല്ലാം തെരഞ്ഞിട്ടും കുഞ്ഞിനെ കിട്ടാതായതോടെയാണ് പോലീസിനെ അറിയിച്ചത്.

ഒരു ചെറുപ്പക്കാരനും ചെറുപ്പക്കാരിയും തന്റെയടുക്കല്‍ ഏറെനേരം സംസാരിച്ചിരുന്നതായി റാണി പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് കുഞ്ഞിനായി മരുന്നുകളും ഒരു പുതപ്പും മേടിച്ചു നല്‍കി. രാത്രി ബസ്‌സ്റ്റാന്‍ഡില്‍ തനിക്കൊപ്പം അവരും കിടന്നുറങ്ങിയതായും റാണി ഓര്‍ക്കുന്നു. ഏതാണ്ട് രാത്രി 12മണിയോടെയാണ് കുഞ്ഞിനെ കൊണ്ടുപോയതെന്നും റാണി പറഞ്ഞു.

സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ദൃശ്യങ്ങളിൽ കാണുന്നവർക്കുളള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

Leave A Reply