ജമ്മു കശ്മീരിലെ ബ്ലോക്ക് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ കോണ്‍ഗ്രസ്. ജമ്മു കശ്മീരിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ച സാഹചര്യത്തില്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് തീരുമാനമെന്ന് ജമ്മു കശ്മീര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗുലാം അഹമ്മദ് മിര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.  നേതാക്കന്മാര്‍ തടങ്കലില്‍ തുടരുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച നടത്തണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

ഒക്ടോബര്‍ 24 നാണ് ജമ്മു കശ്മീരില്‍ ബ്ലോക്ക് ഡവലപ്പ്മെന്‍റ് കൌണ്‍സിലിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. അനുച്ഛേദം 370 റദ്ദാക്കിയതിന് ശേഷം ആദ്യമായി നടക്കുന്ന തെരഞ്ഞെടുപ്പാണ് ഇത്. എന്നാല്‍ ഈ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനാണ് തീരുമാനമെന്ന്  കോണ്‍ഗ്രസ് പറഞ്ഞു. ജനാധിപത്യത്തെ ശക്തിപ്പെടുത്തണമെന്നും തെരഞ്ഞെടുപ്പുകള്‍ ഒന്നുപോലും ബഹിഷ്കരിക്കരുതെന്നുമാണ് കോണ്‍ഗ്രസിന്‍റെ ആഗ്രഹം. എന്നാല്‍ മുതിര്‍ന്ന നേതാക്കള്‍ തടവില്‍ തുടരുന്ന സാഹചര്യത്തിലും ജമ്മുകാശ്മീര്‍ ഭരണകൂടത്തിന്‍റെ വിരുദ്ധ നിലപാടുകളിലും പ്രതിഷേധിച്ചാണ് ബഹിഷ്കരണ തീരുമാനമെന്ന് കോണ്‍ഗ്രസ് അറിയിച്ചു.

പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് റദ്ദാക്കിയ ശേഷം ആദ്യമായി നടത്തുന്ന തെരഞ്ഞെടുപ്പിനാണ് ജമ്മു കശ്മീര്‍ ഒരുങ്ങുന്നത്. രണ്ട് മുന്‍ മുഖ്യമന്ത്രിമാരടക്കം നിരവധി പേരാണ് ജമ്മു കശ്മീരില്‍ തടങ്കലില്‍ കഴിയുന്നത്.

Leave A Reply