ഇമ്രാൻ ഖാൻ അധികാരത്തിലേറി ഒരു വർഷം; കടം വാങ്ങി റെക്കോഡിട്ട് പാകിസ്ഥാൻ

ഇസ്ലാമാബാദ് : പാകിസ്ഥാനെ കടക്കെണിയിലാക്കി പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. അധികാരത്തിലേറി ഒരു വര്‍ഷമാകുമ്പോഴേക്കും രാജ്യത്തിന്റെ മൊത്തം കടത്തില്‍ പാകിസ്ഥാന്‍ രൂപയുടെ 7,509 ബില്യണ്‍ വര്‍ധനവ് വന്നതായാണ് റിപ്പോര്‍ട്ട്. മറ്റ് പാക് പ്രധാനമന്ത്രിമാര്‍ വാങ്ങിക്കൂട്ടിയ പണത്തെക്കാള്‍ റെക്കോര്‍ഡ് പണമാണ് ഇമ്രാന്‍ ഒരു വര്‍ഷത്തിനിടെ കടമായി വാങ്ങിച്ചിരിക്കുന്നത്.

കടംവാങ്ങിയ 7,509 ബില്ല്യണ്‍ രൂപയില്‍ 4,750 രൂപ ആഭ്യന്തരമായും 2804 ബില്യണ്‍ വിദേശ സ്രോതസുകളില്‍ നിന്നുമാണ് കടം വാങ്ങിയിരിക്കുന്നത്. ഇത് സംബന്ധിച്ച വിവരങ്ങള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാന്‍ പ്രധാമന്ത്രിയുടെ ഓഫീസിലേക്ക് അയച്ചതായാണ് വിവരം.

കഴിഞ്ഞ ആഗസ്റ്റില്‍ 24,732 ബില്യണായിരുന്ന പൊതു കടം ഇമ്രാന്‍ ഖാന്റെ ഭരണത്തെ തുടര്‍ന്ന് വര്‍ധിച്ച് 32,240 ബില്യണായിട്ടുണ്ട്. നവാസ് ഷെരീഫിന്റെ ദുർഭരണത്തിനും അഴിമതിക്കുമെതിരെ പടപൊരുതിയാണ് ഇമ്രാൻ ഖാൻ പാകിസ്താനികളുടെ ഇഷ്ടം നേടിയെടുത്തത്. എന്നാല്‍ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനായില്ലെന്ന് മാത്രമല്ല പാകിസ്ഥാനെ വീണ്ടും സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണ് ഇമ്രാന്‍ ഖാന്‍ ചെയ്യുന്നത്.

പാക് സൈന്യത്തിന്റെ കൂടി പിന്തുണ ആർജ്ജിക്കാനായതോടെ പൊതു തിരഞ്ഞെടുപ്പിൽ വിജയിച്ച് സർക്കാർ രൂപീകരിക്കുവാനുമായിരുന്നു. എന്നാൽ അധികാരത്തിലേറി ഒരു വർഷം കഴിഞ്ഞിട്ടും മുഖ്യവാഗ്ദാനങ്ങൾ പാലിക്കാനാവാതെ നട്ടം തിരിയുകയാണ് പാക് സർക്കാർ.

Leave A Reply